മുസ്‍ലിംകൾക്ക് പാക് കൊടി, ഹിന്ദുക്കൾക്ക് ഇന്ത്യൻ കൊടി: ഏഷ്യാനെറ്റ് സുവർണ ചാനലിന്റെ ചിത്രീകരണം വിവാദത്തിൽ, കേസ്
text_fieldsബംഗളൂരു: വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ബി.ജെ.പി പുറത്തുവിട്ട മതാടിസ്ഥാനത്തിലുള്ള ജനസംഖ്യ കണക്കിനെകുറിച്ചുള്ള ചർച്ചക്കിടെ വിവാദനീക്കവുമായി ഏഷ്യാനെറ്റിന്റെ കന്നട ചാനലായ സുവർണ ന്യൂസ്. ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്ന ജനസംഖ്യ കണക്കിന് ഇന്ത്യൻ പതാകയും മുസ്‍ലിംകളെ പ്രതിനിധീകരിക്കുന്നതിന് പാകിസ്താൻ പതാകയുമാണ് ചാനൽ നൽകിയത്.
സംഭവത്തിൽ മുസ്‍ലിം സമുദായത്തിനെതിരെ വർഗീയ വിദ്വേഷം പ്രചരിപ്പിച്ചതിന് ചാനലിനും അവതാരകൻ അജിത് ഹനുമാക്കനവറിനുമെതിരെ ബംഗളൂരു ഹൈ ഗ്രൗണ്ട് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മോദിയും ബി.ജെ.പിയും നിരവധി വർഗീയ കാർഡുകൾ രംഗത്തിറക്കിയതിന്റെ കൂട്ടത്തിലാണ് രാജ്യത്ത് മുസ്‍ലിം ജനസംഖ്യ കുതിച്ചുയരുന്നുവെന്നുവെന്ന ഉറവിടം വെളിപ്പെടുത്താത്ത വിചിത്ര കണക്കുകൾ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശസമിതി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
Here is a video clip.. pic.twitter.com/hVpiX995hl
— Mohammed Zubair (@zoo_bear) May 10, 2024
1950– 2015 കാലയളവിൽ രാജ്യത്ത് ഹിന്ദുക്കളുടെ ജനസംഖ്യാ വിഹിതം 7.8 ശതമാനം കുറഞ്ഞുവെന്നും മുസ്‍ലിം ജനസംഖ്യ 43.15 ശതമാനം വളർന്നുവെന്നുമാണ് സമിതിയുടെ റിപ്പോർട്ട്. 2011നു ശേഷം സെൻസസ് കണക്കെടുപ്പ് നടന്നിട്ടില്ലെന്നിരിക്കേ, 2015 വരെയുള്ള ഈ കണക്കിന് അടിസ്ഥാനം എന്താണെന്ന് സമിതി വിശദീകരിച്ചിട്ടുമില്ല. ഇതേക്കുറിച്ചുള്ള വാർത്തയിലാണ് ഹിന്ദുവിന് ഇന്ത്യൻ പതാകയും മുസ്‍ലിമിന് പാകിസ്താൻ പതാകയും ഏഷ്യാനെറ്റിന്റെ കന്നട ചാനൽ ഗ്രാഫിക്‌സായി കൊടുത്തത്. മേയ് ഒമ്പതിനാണ് ഇത് സംപ്രേക്ഷണം ചെയ്തത്.
പട്ടികവിഭാഗ, ഒ.ബി.സി സംവരണം പിടിച്ചുപറിച്ച് ‘ജനസംഖ്യ പെരുപ്പിക്കുന്ന’ മുസ്‍ലിംകൾക്ക് നൽകാനാണ് പ്രതിപക്ഷത്തിന്റെ പദ്ധതിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു പ്രസംഗിക്കുന്നതിനിടയിലാണ് മുസ്‍ലിം ജനസംഖ്യ പെരുക്കത്തിന്റെ ആധികാരികമല്ലാത്ത കണക്ക് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ പുറത്തിറക്കിയത്. കൗൺസിൽ അംഗം ശ്രമികദേവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ‘മതന്യൂനപക്ഷങ്ങളുടെ വിഹിതം: ദേശീയതല വിശകലനം (1950-2015)’ എന്ന പ്രബന്ധം തയാറാക്കിയത്.
ഈ കാലയളവിൽ ഹിന്ദു ജനസംഖ്യ 84.68 ശതമാനത്തിൽനിന്ന് 78.06 ശതമാനത്തിലേക്ക് താഴ്ന്നുവെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു -7.82 ശതമാനം ഇടിവ്. അതേസമയം, രാജ്യത്തെ മൊത്തം ജനസംഖ്യയിൽ മുസ്ലിംകൾ 9.84 ശതമാനത്തിൽനിന്ന് 14.09ലേക്ക് വളർന്നു -43.15 ശതമാനം വർധന. ക്രൈസ്‌തവ ജനസംഖ്യ 2.24 ശതമാനത്തിൽനിന്ന് 2.36 ആയി ഉയർന്നു. ക്രൈസ്‌തവ ജനസംഖ്യയുടെ മാത്രം കാര്യമെടുത്താൽ 6.58 ശതമാനം വർധനയാണിത്. സിഖുകാർ 1.24 ശതമാനത്തിൽനിന്ന് 1.85 ആയി വർധിച്ചു. പാഴ്സികൾ 0.03 ശതമാനത്തിൽനിന്ന് 0.004ലേക്ക് താഴ്ന്നു.
അതേസമയം, സന്താനോൽപാദന നിരക്ക് എല്ലാ സമുദായങ്ങളിലും കുറയുകയാണെന്നും ഏറ്റവും കൂടുതൽ കുറയുന്നത് മുസ്ലിംകൾക്കിടയിലാണെന്നുമാണ് പോപുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ എന്ന സന്നദ്ധസംഘടനയുടെ പഠനത്തിൽ പറയുന്നത്. ഏതെങ്കിലും സമുദായത്തെക്കുറിച്ച ഭീതി സൃഷ്ടിക്കാനോ വിവേചനം കാട്ടാനോ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ പഠനങ്ങൾ ദുരുപയോഗിക്കരുതെന്നും സംഘടന ഓർമിപ്പിച്ചു. 10 വർഷം കൂടുമ്പോൾ നടത്തുന്ന സെൻസസ് പ്രകാരം ഇതുവരെ പുറത്തുവന്ന കണക്കുകൾ കാണിക്കുന്നത്, ഓരോ സെൻസസിലും മുസ്‍ലിം ജനസംഖ്യ വളർച്ച കുറഞ്ഞുവരുന്നുവെന്നാണ്. ഈ ഇടിവ് ഹിന്ദു ജനസംഖ്യയുടെ ഇടിവിനേക്കാൾ കൂടുതലുമാണ് -പഠനം ചൂണ്ടിക്കാട്ടി.
2011ലെ സെൻസസും ദേശീയ കുടുംബാരോഗ്യ സർവേ വിവരങ്ങളും അടിസ്ഥാനമാക്കി വാഷിങ്‌ടൺ ഡിസി ആസ്ഥാനമായ പ്യൂ റിസർച്ച് സെന്റർ തയ്യാറാക്കിയ റിപ്പോർട്ടിലും മുസ്‍ലിം കുടുംബങ്ങളിലെ കുട്ടികളുടെ ശരാശരി എണ്ണം 4.4ൽനിന്ന് 2.6 ആയി ചുരുങ്ങിയെന്നാണ് പറയുന്നത്. ഹിന്ദു കുടുംബങ്ങളിൽ ഇത് യഥാക്രമം 3.3ഉം 2.1ഉം ആണ്. ക്രൈസ്‌തവ കുടുംബങ്ങളിൽ 2.9, രണ്ട് എന്ന ക്രമത്തിലാണ് ചുരുങ്ങിയത്. 2.2ആണ് ദേശീയ ശരാശരി.
ചിത്രീകരണം വിവാദമാവുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തതോടെ തിരുത്തും ക്ഷമാപണവുമായി ചാനൽ രംഗത്തെത്തി. തെറ്റ് അശ്രദ്ധ മൂലം സംഭവിച്ചതാണെന്നും ഇന്ത്യയിലെയും പാകിസ്താനിലെയും ഭൂരിപക്ഷ സമുദായങ്ങളുടെ വളർച്ച ചിത്രീകരിക്കുന്ന മറ്റൊരു എപ്പിസോഡിനായി ഉപയോഗിച്ച ഗ്രാഫിക്‌സ് ഈ എപ്പിസോഡിന് ഉപയോഗിക്കുകയായിരുന്നുവെന്നുമാണ് ചാനൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.