ഭീകരപ്രവർത്തനം അവസാനിപ്പിച്ച് എല്ലാം മാറ്റിവെച്ച് നല്ല അയൽക്കാരാകാൻ ശ്രമിക്കൂ -പാകിസ്താനോട് എസ്. ജയ്ശങ്കർ
text_fieldsന്യൂഡൽഹി: പാകിസ്താനെ ഭീകരതയുടെ പ്രഭവ കേന്ദ്രമായി ലോകം കാണുന്ന സാഹചര്യത്തിൽ, രണ്ടുവർഷം കോവിഡിന്റെ പുകമറ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ എവിടെ നിന്നാണെന്ന് ഭീഷണി നേരിട്ടതെന്ന് അന്താരാഷ്ട്ര സമൂഹം മറന്നിട്ടില്ലെന്ന് വിദേശ കാര്യമന്ത്രി എസ്. ജയ്ശങ്കർ.
ആഗോള തീവ്രവാദ വിരുദ്ധ സമീപനം: വെല്ലുവിളികളും മുന്നോട്ടുള്ള വഴിയും എന്ന വിഷയത്തിൽ യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരും അവരെ തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രമായാണ് കാണുന്നത്. ഞങ്ങൾ രണ്ടര വർഷമായി കോവിഡിലൂടെ കടന്നുപോയിട്ടുണ്ട്. അതിന്റെ ഫലമായി നമ്മിൽ പലർക്കും മസ്തിഷ്ക മൂടൽമഞ്ഞ് ഉണ്ടെന്നും എനിക്കറിയാം. എന്നാൽ, തീവ്രവാദം എവിടെ നിന്നാണ് ഉത്ഭവിക്കുന്നതെന്ന് ലോകം മറന്നിട്ടില്ലെന്ന് എനിക്കുറപ്പുണ്ട്.
ഭീകരവാദത്തെ ഇന്ത്യയെ പോലെ മറ്റൊരു രാജ്യവും ഉപയോഗിക്കുന്നില്ലെന്ന പാകിസ്താൻ വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനിയുടെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു ജയ്ശങ്കർ. പാകിസ്താൻ ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് നല്ല അയൽക്കാരാകാൻ ശ്രമിക്കണമെന്നും ലോകം വിഡ്ഢികളല്ല എന്ന് ഓർമിക്കണമെന്നും ജയ്ശങ്കർ ആവശ്യപ്പെട്ടു.
2011ൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹിലരി ക്ലിന്റൺ, അന്ന് മന്ത്രിയായിരുന്ന ഹിന റബ്ബാനിയോട് പറഞ്ഞ കാര്യവും ജയ്ശങ്കർ ഓർത്തെടുത്തു. ''നിങ്ങളുടെ അയൽക്കാരെ മാത്രം കടിക്കുമെന്നോർത്ത് സ്വന്തം വീട്ടുമുറ്റത്ത് നിങ്ങൾക്ക് പാമ്പുകളെ വളർത്താൻ കഴിയില്ല''-എന്നായിരുന്നു പാക് സന്ദർശനവേളയിൽഹിലരി പറഞ്ഞത്. പാകിസ്താൻ എത്രകാലം ഭീകരപ്രവർത്തനങ്ങളിൽ തുടരും എന്നതിൽ പാകിസ്താൻ മന്ത്രിമാർക്കായിരിക്കും കൃത്യമായി മറുപടി പറയാൻ സാധിക്കുക എന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.