സാഹിത്യത്തിന് ദിശാബോധം പകർന്ന സർഗപ്രതിഭയായിരുന്നു കുമാരനാശാൻ -അശോകൻ ചരുവിൽ
text_fieldsകോയമ്പത്തൂർ: വിഷയാസക്തികളിൽ വട്ടംചുറ്റിയ സാഹിത്യത്തിന് ദിശാബോധം പകർന്ന് മനുഷ്യത്വത്തെ സ്ഥാപിച്ച സർഗപ്രതിഭയായിരുന്നു മഹാകവി കുമാരനാശാൻ എന്ന് കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്‍റ് അശോകൻ ചരുവിൽ. ബുധനാഴ്ച ഡിണ്ടുഗല്ലിലെ തമിഴ്നാട് ഗാന്ധിഗ്രാം സർവകലാശാലയിൽ നടന്ന കുമാരനാശാന്‍റെ 150-ാം ജൻമദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തെ ഇരുട്ടിൽ നിർത്തുന്ന പുതിയ കാലത്ത് ആശാൻ കവിതകളും അവ മുന്നോട്ടുവെച്ച രാഷ്ടീയവും മനസ്സിലാക്കുന്നവർക്ക് ഇന്നത്തെ സാമൂഹ്യ പ്രതിസന്ധികളെ തരണം ചെയ്യാനാവും. കുമാരനാശാൻ ജീവിച്ച കാലത്തെ സാമൂഹിക പ്രതിസന്ധികളിലേക്ക് തള്ളിയിടാൻ വലിയ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അതിനെതിരെ ഓരോ എഴുത്തുകാരനും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. പി. ആനന്ദകുമാർ വീഴ്ന്ത മലർ എന്ന പേരിൽ തമിഴിലേക്ക് വിവർത്തനം ചെയ്ത 'വീണപൂവ്' എന്ന കൃതിയുടെ പ്രകാശനം അശോകൻ ചരുവിൽ നിർവഹിച്ചു. അധ്യക്ഷത വഹിച്ച ഗാന്ധിഗ്രാം സർവകലാശാല വൈസ് ചാൻസിലർ ഡോ. ടി.ടി രംഗനാഥൻ ഏറ്റുവാങ്ങി. തഞ്ചാവൂർ തമിഴ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. തിരുമലൈ, തമിഴ് വിഭാഗം മേധാവി ഡോ. ഒ. മുത്തയ്യ, കഥാകൃത്ത് അഷ്ടമൂർത്തി എന്നിവർ സംസാരിച്ചു.
സ്കൂൾ ഓഫ് തമിഴ് വിഭാഗം ഡീൻ ഡോ. പി. ആനന്ദകുമാർ സ്വാഗതവും മലയാള വിഭാഗം മേധാവി ഡോ. എസ്. ഷാജി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.