മണിപ്പൂരിൽ സുരക്ഷ ഉദ്യോഗസ്ഥന്റെ വീടിന് തീയിട്ട് അക്രമകാരികൾ
text_fieldsഇംഫാൽ: മണിപ്പൂരിലെ ഏറ്റുമുട്ടലിന് ശേഷം അക്രമാസക്തരായ ജനക്കൂട്ടം സുരക്ഷ ഉദ്യോഗസ്ഥന്റെ വീടിന് തീയിട്ടു. മണിപ്പൂരിലെ തൗബാൽ ജില്ലയിലാണ് സംഭവം. ഇന്ത്യൻ റിസർവ് ബറ്റാലിയൻ (ഐ.ആർ.ബി) ഉദ്യോഗസ്ഥന്റെ വീടാണ് രോക്ഷാകുലരായ ജനക്കൂട്ടം കത്തിച്ചത്. എന്നാൽ, പൊലീസ് ആയുധപ്പുരയിൽ നിന്ന് തോക്കുകൾ കൊള്ളയടിക്കാനുള്ള കലാപകാരികളുടെ ശ്രമം സുരക്ഷ ഉദ്യോഗസ്ഥന്‍ പരാജയപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് ഐ.ആർ.ബി.യുടെ ക്യാമ്പിലേക്ക് 700-800 പേരടങ്ങുന്ന ജനക്കൂട്ടം ഇരച്ചുകയറാൻ ശ്രമിച്ചത്.
തുടർന്നുള്ള ഏറ്റുമുട്ടലിലാണ് റൊണാൾഡോ എന്ന 27കാരൻ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് ജനക്കൂട്ടം സുരക്ഷ ഉദ്യോഗസ്ഥന്റെ വീടിന് തീയിട്ടത്. വെടിയേറ്റ റൊണാൾഡോയെ ജനക്കൂട്ടം തൗബാൽ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനാൽ ഇംഫാലിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യാത്രാമധ്യേയാണ് യുവാവ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു.
ഇംഫാൽ വെസ്റ്റ്, കാങ്‌പോക്‌പി ജില്ലകളുടെ അതിർത്തിയിലുള്ള ലുവാങ്‌ഷാൻഗോൾ-ഫൈലെങ് മേഖലയിൽ പകൽ സമയത്ത് തോക്കുധാരികളുടെ സംഘങ്ങൾ തമ്മിൽ വെടിവെപ്പ് നടന്നതായി പൊലീസ് അറിയിച്ചു. കാങ്പോക്പി, ഇംഫാൽ വെസ്റ്റ്, ചുരാചന്ദ്പൂർ ജില്ലകളിലായി നാല് ബങ്കറുകൾ തകർത്തതായി പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ഐ.ആർ.ബി ക്യാമ്പിന് നേരെ ആക്രമണമുണ്ടായപ്പോൾ സൈന്യം ആദ്യം കണ്ണീർ വാതകവും റബർ ബുള്ളറ്റുകളും ഉപയോഗിച്ചെങ്കിലും ക്യാമ്പിലേക്ക് പോവുകയായിരുന്ന അസം റൈഫിൾസ് സംഘത്തെ സായുധരായ ജനക്കൂട്ടം ആക്രമിക്കുകയും വെടിയുതിർക്കുകയുമായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയും ഒരു ജവാന് പരിക്കേൽക്കുകയും വാഹനം കത്തിക്കുകയും ചെയ്തെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജവാന്റെ കാലിലാണ് വെടിയേറ്റത്.
സംഘട്ടനത്തിൽ 10 പേർക്ക് പരിക്കേറ്റതായും ആറു പേരെ ഗുരുതരമായ പരിക്കുകളോടെ ഇംഫാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.