അസം വിദ്യാർഥി നേതാവിനെ അടിച്ചുകൊന്ന കേസിൽ 13 പേർ അറസ്റ്റിൽ
text_fieldsഗുവാഹത്തി: അസമിലെ ജൊർഹാത്ത് ടൗണിൽ വിദ്യാർഥി നേതാവിനെ ആൾക്കൂട്ടം അടിച്ചുകൊന്ന കേസിൽ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റോഡ് അപകടവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് തിങ്കളാഴ്ച ആൾ അസം സ്റ്റുഡൻറ്സ് യൂനിയൻ (എ.എ.എസ്.യു) നേതാവ് അനിമേഷ് ഭുയാനെ (28) 50 പേരടങ്ങുന്ന ആൾക്കൂട്ടം തല്ലിക്കൊന്നത്.
അനിമേഷും രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു വയോധികനെ ഇടിച്ചിട്ടെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം ആക്രമിച്ചത്. പ്രതിഷേധം ശക്തമായതോടെ കേസിൽ ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ ചൊവ്വാഴ്ച പൊലീസിന് നിർദേശം നൽകിയിരുന്നു. അതിവേഗ കോടതിയിൽ കേസിന്‍റെ വിചാരണ നടപടികൾ പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അസം സ്പെഷൽ ഡി.ജി.പി ജി.പി. സിങ് വ്യക്തമാക്കി. കേസിലെ മുഖ്യപ്രതിയും സ്ഥിരം കുറ്റവാളിയുമായ നീരജ് ദാസ് ഉൾപ്പെടെ കേസിൽ 13 പേരെ അറസ്റ്റ് ചെയ്തതായി ജൊർഹാത്ത് എസ്.പി അങ്കൂർ ജെയ്ൻ പറഞ്ഞു. ഏറെ തിരക്കുള്ള തെരുവിൽ പകൽസമയത്ത് സംഭവം നടന്നിട്ടും ആരും ഇടപെട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അനിമേഷും സംഘവും സഞ്ചരിച്ച ബൈക്ക് വയോധികന്‍റെ ബൈക്കിൽ ഇടിച്ചിട്ടില്ലെന്നും മദ്യലഹരിയിലായതിനാൽ അദ്ദേഹം അനാവശ്യമായി പ്രശ്നങ്ങളുണ്ടാക്കിയതാണെന്നും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.