അസം നിയമസഭ, ലോക്സഭ മണ്ഡല പുനർനിർണയം തുടങ്ങി
text_fieldsന്യൂഡൽഹി: അസമിലെ നിയമസഭ, പാർലമെന്റ് മണ്ഡല പുനർനിർണയം ആരംഭിച്ചതായും അതിർത്തി നിശ്ചയിക്കാൻ 2001ലെ സെൻസസ് കണക്കുകൾ ഉപയോഗിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ അഭ്യർഥനയെ തുടർന്നാണ് പുനർനിർണയ നീക്കം ആരംഭിച്ചത്.
1971ലെ സെൻസസ് അടിസ്ഥാനമാക്കി 1976ൽ അതിർത്തി നിർണയ കമീഷനാണ് അസമിലെ മണ്ഡലങ്ങൾ അവസാനമായി പുനർനിർണയിച്ചത്. പുതിയ മണ്ഡലങ്ങളിൽ പട്ടികജാതി, വർഗ സംവരണ സീറ്റുണ്ടാകും. നിലവിലെ അസം നിയമസഭയുടെ കാലാവധി 2026 മേയ് 20നാണ് അവസാനിക്കുക. സംസ്ഥാനത്ത് 14 ലോക്‌സഭ, 126 നിയമസഭ, ഏഴ് രാജ്യസഭ സീറ്റുകളാണുള്ളത്.
സുരക്ഷ പ്രശ്‌നങ്ങൾ കാരണം അസം, നാഗാലാൻഡ്, മണിപ്പൂർ, അരുണാചൽപ്രദേശ് എന്നിവിടങ്ങളിലെ അതിർത്തി നിർണയം മാറ്റിവെച്ച മുൻ വിജ്ഞാപനം 2020 ഫെബ്രുവരി 28ന് കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. തുടർന്ന് 2020 മാർച്ചിൽ മുൻ സുപ്രീംകോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിൽ കേന്ദ്രഭരണ പ്രദേശമായ ജമ്മു-കശ്മീരിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, അരുണാചൽപ്രദേശ്, മണിപ്പൂർ, നാഗാലാൻഡ് എന്നിവിടങ്ങളിലെയും ലോക്‌സഭ, നിയമസഭ മണ്ഡലങ്ങൾ പുനർനിർണയിക്കാൻ ഡീലിമിറ്റേഷൻ കമീഷൻ രൂപവത്കരിച്ചു.
എന്നാൽ, 2021 മാർച്ച് മൂന്നിന് കമീഷന്റെ കാലാവധി ഒരു വർഷം നീട്ടിനൽകിയപ്പോൾ ജമ്മു-കശ്മീരിന്റെ പുനർനിർണയം മാത്രമേ പരിശോധിക്കൂവെന്ന് നിയമ മന്ത്രാലയം അറിയിച്ചിരുന്നു. കോടതി കേസുകളുൾപ്പെടെ വിവിധ കാരണങ്ങളാണ് നാലു വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഒഴിവാക്കാൻ ചൂണ്ടിക്കാട്ടിയത്. പിന്നീട്, 2022 നവംബർ 15നാണ് അസമിലെ മണ്ഡലങ്ങളുടെ പുനർനിർണയം നടത്താൻ നിയമ മന്ത്രാലയം തെരഞ്ഞെടുപ്പ് കമീഷനോട് അഭ്യർഥിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.