അസം പൗരത്വ രജിസ്റ്ററിൽ നിയമനിർമാണത്തിന് ബി.ജെ.പി
text_fieldsന്യൂഡൽഹി: അസം പൗരത്വ രജിസ്റ്ററിൽ പുതിയ നിയമനിർമാണത്തിന് നീക്കവുമായി ബി.ജെ.പി. പൗരത്വ പട്ടികയിൽ നിന്ന് പുറത്തായ യഥാർഥ പൗരന്മാരെ ഉൾപ്പെടുത്താനാണ് ഇതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വിശദീകരിക്കുന്നു. പുറത്തായ 19 ലക്ഷം പേരില്‍ ബംഗാളി മുസ്ലിംകളുടെ അത്രയും എണ്ണമോ അതില്‍ കൂടുതലോ പേർ ബംഗാളി ഹിന്ദുക്കളായതോടെയാണ് ബി.ജെ.പിക്കും സംഘ്പരിവാർ സംഘടനകൾക്കും മലക്കംമറിച്ചിലുണ്ടായത്.
പട്ടികയിൽ ഉൾപ്പെട്ട അനർഹരെ ഒഴിവാക്കാനും ബി.ജെ.പി ആവശ്യപ്പെടും. ഇതിനായി സുപ്രീം കോടതിയിൽ പുന:പരിശോധന ആവശ്യപ്പെടാൻ തീരുമാനിച്ചിട്ടുണ്ട്. അസമിൽ 19 ലക്ഷത്തോളം പേർക്കാണ് പൗരത്വം നഷ്ടമായത്.
പൗരത്വ പട്ടിക നിലവിൽ വന്നതോടെ ബി.ജെ.പിക്കുള്ളിലും അസ്വസ്ഥത രൂപപ്പെട്ടിരിക്കുകയാണ്. പല മേഖലകളിലും ബി.ജെ.പി വോട്ട് ബാങ്കിലാണ് കടുത്ത അസംതൃപ്തി നിലനിൽക്കുന്നത്. പൗരത്വ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരിൽ പലരും ബി.ജെ.പി ആഗ്രഹിച്ചവരല്ല. ഈ സാഹചര്യത്തിലാണ് പുന:പരിശോധന ആവശ്യപ്പെടാൻ ഒരുങ്ങുന്നത്.
പല അനർഹരും പട്ടികയിൽ ഇടംകണ്ടതായും ബി.ജെ.പി ആരോപിക്കുന്നു. പുന:പരിശോധന ആവശ്യപ്പെടാനുള്ള തീരുമാനത്തിന് പുറമേയാണ് നിയമനിർമാണം കൊണ്ടുവരാനുള്ള നീക്കം. നിലവിലെ നിയമം ഭേദഗതി ചെയ്തോ പുതിയ ബിൽ അവതരിപ്പിച്ചോ ആവും നിയമനിർമാണമെന്ന് സംസ്ഥാന ബി.ജെ.പി നേതൃത്വം സൂചിപ്പിക്കുന്നു.
പൗരത്വം നഷ്ടപ്പെട്ടവരിലെ അർഹരായവർക്ക് സംസ്ഥാനത്തെ വിദേശി ട്രൈബ്യൂണലുകളിൽ അപ്പീൽ നൽകാം. അപ്പീൽ നൽകാൻ 120 ദിവസം വരെ സമയം അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.