സി.എ.എ വാർത്തയുടെ പേരിൽ മാധ്യമപ്രവർത്തകന് ഭീഷണിയുമായി ബി.ജെ.പി മന്ത്രി; അസമിൽ വിവാദം
text_fieldsഗുവാഹത്തി: അസമിൽ മാധ്യമപ്രവർത്തകനെ അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ബി.ജെ.പി മന്ത്രിക്കെതിരെ കേസ്. അസം നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയും നഗര വികസനകാര്യ വകുപ്പ് മന്ത്രിയുമായ പിയൂഷ് ഹസാരികെക്കെതിരെ പ്രതിദിൻ ടൈമിലെ നസറുൽ ഇസ്ലാമാണ് പരാതി നൽകിയത്.
പ്രതിദിൻ ടൈമിലെ കറസ്പോണ്ടന്റായ നസറുൽ ഇസ്ലാമിനെ ഹസാരികെ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണത്തിന്‍റെ ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി. ജാഗിറോഡ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.
ആറ് മിനിറ്റ് ദൈർഘ്യമുള്ള ക്ലിപ്പിൽ നസറുൽ ഇസ്ലാമിന്റെ കാലുകൾ തല്ലിയൊടിക്കുമെന്നും തെരുവിലൂടെ വലിച്ചിഴക്കുമെന്നും ജാഗിറോഡ് മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ ഹസാരികെ ഭീഷണിപ്പെടുത്തുന്നുണ്ട്.
അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ഹസാരികെയുടെ ഭാര്യയും നടിയുമായ ഐമി ബറുവ നടത്തിയ പ്രസംഗം റിപ്പോർട്ട് ചെയ്തതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഐമി നടത്തിയ പ്രസംഗം വിവാദമായിരുന്നു.
'പൗരത്വഭേദഗതി നിയമം എന്നതിനെ ലളിതമായി പറഞ്ഞാൽ... ബംഗാളി ഹിന്ദു ജനത നമ്മോടൊപ്പം വളരെക്കാലമായി അസമിൽ കഴിഞ്ഞുവരികയാണ്... ഇവർ സി.എ.എയെ പിന്തുണച്ചില്ലെങ്കിൽ അവർ അസമിൽ നിന്ന് മാത്രമല്ല ഇന്ത്യയിൽ നിന്നും പുറത്താക്കപ്പെടും. നിങ്ങൾക്ക് അസമിലും ഇന്ത്യയിലും താമസിക്കണം. ഞങ്ങൾക്ക് സി.എ.എ ആവശ്യമാണ്. നിങ്ങൾ ഇവിടെ തന്നെ തുടരണം'-ഇതായിരുന്ന ബംഗാളി ഹിന്ദു ജനവിഭാഗങ്ങൾ നിറഞ്ഞ സദസ്സിന് മുമ്പിൽ ബറുവ സംസാരിച്ചത്.
തന്‍റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതായും ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായും ബറുവ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബറുവയുടെ വീഡിയോ റിപ്പോർട്ട് ചെയ്യുമ്പോൾ നസറുൽ ഈ ഭാഗം വളച്ചൊടിച്ചതായാണ് ഹസാരിക ആരോപിച്ചത്.
വിഡിയോ പുറത്തുവന്നതിന് പിന്നാലെ നസറുൽ ഇസ്ലാമിനെ വിളിച്ച് ബറുവ ഭീഷണിപ്പെടുത്തുകയായിരുന്നു. നസറുൽ ഇസ്ലാം കോൺഗ്രസ്-എ.ഐ.ഡി.യു.എഫ് സഖ്യവുമായി ചേർന്ന് ഗൂഡാലോചന നടത്തുകയായിരുന്നുവെന്നാണ് ബറുവ ആരോപിച്ചത്. നസറുൽ ഇസ്ലാമിനെ മതത്തിന്‍റെ പേരിൽ അവഹേളിച്ച ബറുവ അദ്ദേഹം മുസ്ലിം രാഷ്ട്രീയം കളിക്കുകയാണെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.