രക്ഷാപ്രവർത്തകന്‍റെ ചുമലിൽകയറി വെള്ളക്കെട്ടിലൂടെ ബി.ജെ.പി എം.എൽ.എയുടെ സവാരി; പരിഹസിച്ച് കോൺഗ്രസ്
text_fieldsദിസ്പൂർ: പ്രളയദുരിത കെടുതിയിലായ അസമിൽ ദുരന്തനിവാരണ പ്രവർത്തകന്‍റെ ചുമലിൽ കയറി വെള്ളക്കെട്ടിലൂടെ സവാരി നടത്തിയ ബി.ജെ.പി എം.എൽ.എ വിവാദത്തിൽ. ലുംഡിങിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ സിബു മിശ്രയാണ് ബുധനാഴ്ച രക്ഷാപ്രവർത്തകന്‍റെ ചുമലിൽ കയറി വെട്ടിലായത്.
പ്രദേശത്തെ വെള്ളപ്പൊക്ക സാഹചര്യം വിലയിരുത്താൻ ഹൊജായിയിൽ എത്തിയതായിരുന്നു എം.എൽ.എ. വെളുത്ത ഷൂസും ജീൻസും ധരിച്ച് വെള്ളപ്പൊക്ക പ്രദേശത്തെത്തിയ അദ്ദേഹം സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ടിന്‍റെ (എൻ.ഡി.ആർ.എഫ്) ബോട്ടിലേക്ക് കയറാനാണ് രക്ഷാപ്രവർത്തകന്‍റെ ചുമലിൽ കയറിയത്.
എം.എൽ.എയെ പരിഹസിച്ച് അസം കോൺഗ്രസ് വ്യാഴാഴ്ച ട്വീറ്റ് ചെയ്തു. 'എന്‍റെ ഷൂസുകൾക്ക് ചളിയിൽ ചവിട്ടാനാവാത്ത അത്രയയും വിലയുണ്ട്' എന്നായിരുന്നു കോൺഗ്രസിന്‍റെ പരിഹാസം.
അസമിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇതുവരെ ഒമ്പത് പേരാണ് മരിച്ചത്. 27 ജില്ലകളിൽ നിന്നായി 6.6 ലക്ഷം പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. കച്ചാർ, ഹൊജായ് ജില്ലകളിലാണ് ദുരിതം കൂടുതൽ ബാധിച്ചതെന്ന് ദുരന്തനിവാരണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇവിടെ മാത്രം ഒരു ലക്ഷത്തിലേറെ പേരെ മാറ്റി പാർപ്പിച്ചു. കരസേന എത്തിയാണ് ഹൊജായ് ജില്ലയിലെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.