അസമിൽ 40 ലക്ഷം പേർക്ക് പൗരത്വത്തിന് അപേക്ഷിക്കാം
text_fieldsന്യൂഡൽഹി: അസമിലെ പൗരത്വപ്പട്ടികയിൽനിന്ന് പുറത്തായ 40 ലക്ഷം പേർക്ക് പൗരത്വത്തിനായി പുതിയ അപേക്ഷ സമർപ്പിക്കാമെന്ന് സുപ്രീംകോടതി. പൗരത്വപ്പട്ടികയിൽനിന്ന് പുറത്തായവർക്ക് സെപ്റ്റംബർ 25 മുതൽ 60 ദിവസം വരെ തങ്ങളുടെ അവകാശവാദങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കാമെന്ന് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വിധിച്ചു. കേസ് ഒക്ടോബർ 23ന് വീണ്ടും പരിഗണിക്കും.
ജൂലൈ 30ന് പ്രസിദ്ധീകരിച്ച അന്തിമ കരട് പൗരത്വപ്പട്ടികയിൽ ആകെയുള്ള 3.29 കോടി പൗരന്മാരിൽ 2.89 േകാടി പേർക്ക് മാത്രമാണ് പൗരത്വം അനുവദിച്ചുകിട്ടിയത്. 40,70,707 പേർ പട്ടികക്ക് പുറത്തായി. ഇവരുടെ അപേക്ഷ സ്വീകരിക്കുന്നതിന് സുപ്രീംകോടതി താൽക്കാലികമായി ഏർപ്പെടുത്തിയ വിലക്ക് ബെഞ്ച് എടുത്തുകളഞ്ഞു. ഇതുമായി ബന്ധപ്പെട്ട അപേക്ഷ സമർപ്പിക്കാൻ മൂന്നുതരത്തിലുള്ള ഫോറങ്ങളാണ് അസം എൻ.ആർ.സി തയാറാക്കിയിരിക്കുന്നത്. നിലവിൽ പൗരത്വപ്പട്ടികയിൽ ഉൾപ്പെട്ടവരെ അതിൽനിന്ന് നീക്കംചെയ്യാനുള്ള അപേക്ഷക്കും അവസരമുണ്ട്.
കരട് പട്ടികയിൽനിന്ന് പുറത്തായ 40ലക്ഷം പേരുടെ അവകാശവാദങ്ങളും ആക്ഷേപങ്ങളും കേൾക്കേണ്ട സമയമാണിതെന്ന് ജസ്റ്റിസ് ആർ.എഫ്. നരിമാൻ കൂടി അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. വിഷയത്തിെൻറ പ്രാധാന്യം കണക്കിലെടുത്താണ് രണ്ടാമത്തെ അവസരം നൽകുന്നതെന്ന് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പറഞ്ഞു. പൗരത്വപ്പട്ടികയിൽ പേര് ചേർക്കുന്നതിന് മാനദണ്ഡമാക്കിയ ചില രേഖകൾ ഒഴിവാക്കിയത് വിവാദമായതും സുപ്രീംകോടതിയുടെ പരിഗണനക്ക് വന്നു.
പൗരത്വം ലഭിക്കാനായി സമർപ്പിച്ച ചില രേഖകൾ അംഗീകരിക്കുകയും മറ്റു ചിലത് അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നതിൽ കേന്ദ്രസർക്കാറിന് എന്ത് നിലപാടാണുള്ളതെന്ന് അസം ദേശീയ പൗരത്വ കോഒാഡിനേറ്റർ പ്രതീക് ഹലേജയോട് സുപ്രീംകോടതി ചോദിച്ചു.
നേരത്തേ 15 രേഖകൾ പൗരത്വത്തിനുള്ള തെളിവുകളായി അംഗീകരിച്ച സുപ്രീംകോടതി സെപ്റ്റംബർ അഞ്ചിന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ അവ 10 എണ്ണമാക്കി വെട്ടിച്ചുരുക്കിയിരുന്നു. എൻ.ആർ.സി കോഒാഡിനേറ്റർ പ്രതീക് ഹലേജയുടെ ആവശ്യം അംഗീകരിച്ചായിരുന്നു ഇത്. ഒഴിവാക്കിയ അഞ്ച് രേഖകളുടെ ആധികാരികത പരിേശാധിക്കാൻ പ്രയാസമുണ്ടെന്നായിരുന്നു ഇതിന് കാരണമായി ഹലേജ പറഞ്ഞത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ കേന്ദ്രസർക്കാറിെൻറ നിലപാട് ആരാഞ്ഞത്.
പൗരത്വത്തിനുള്ള പുതിയ അപേക്ഷ സ്വീകരിക്കുന്നതിനുള്ള മാതൃകാ നടപടിക്രമം സംബന്ധിച്ച് അസം എൻ.ആർ.സി സമർപ്പിച്ച റിപ്പോർട്ട് കേന്ദ്രസർക്കാറുമായി പങ്കുവെക്കാൻ സുപ്രീംകോടതി തയാറായിരുന്നില്ല.
കേന്ദ്രസർക്കാറിന് ഇക്കാര്യത്തിൽ അങ്ങേയറ്റം താൽപര്യമുണ്ടെങ്കിലും കോടതിക്ക് ഇക്കാര്യത്തിൽ സന്തുലനം പാലിക്കേണ്ടതുണ്ടെന്നായിരുന്നു ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ബെഞ്ച് ഇതിന് കാരണം പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.