അസം പൗരത്വ രജിസ്റ്റർ നാളെ പുറത്തിറക്കും
text_fieldsഗുവാഹതി: അസം സർക്കാർ തയാറാക്കിയ സംസ്ഥാനത്തെ പൗരന്മാരുടെ കരട് പട്ടിക ഞായറാഴ്ച പുറത്തിറക്കും. സംഘർഷമുണ്ടാവുമെന്ന മുന്നറിയിപ്പിനെ തുടർന്ന് 45,000 സുരക്ഷസൈനികരെ സംസ്ഥാനത്ത് വിന്യസിച്ചു. അടിയന്തര സാഹചര്യം നേരിടാൻ പട്ടാളവും നിലയുറപ്പിച്ചിട്ടുണ്ട്. ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) നാളെ പുറത്തിറക്കുന്ന സാഹചര്യത്തിൽ സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ കൂടുതൽ പൊലീസിനെയും സുരക്ഷസൈനികരെയും നിയോഗിച്ചതായി ഒൗദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു.
ഇപ്പോൾ അസമിൽ കഴിയുന്ന കുറെ പേർ കരട് രജിസ്റ്ററിൽനിന്ന് പുറത്താവുമെന്നാണ് സൂചന. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ കഴിഞ്ഞയാഴ്ച രണ്ടു ദിവസം അസമിൽ ക്യാമ്പ് ചെയ്ത് പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട നടപടികളും സുരക്ഷ സംവിധാനവും വിലയിരുത്തിയതായി ഉയർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
അസമിൽ പൗരന്മാരുടെ രജിസ്റ്റർ പുതുക്കാനുള്ള നടപടി 2005ൽ തുടങ്ങിയതാണ്. ബംഗ്ലാദേശിൽനിന്ന് 20ാം നൂറ്റാണ്ടിെൻറ ആദ്യപാദം മുതൽ ഇവിടേക്ക് വലിയ തോതിൽ കുടിയേറ്റം നടന്നുവെന്നാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിലയിരുത്തൽ. എൻ.ആർ.സിയുള്ള ഏക സംസ്ഥാനമാണ് അസം. 1951ലാണ് ഇതു തയാറാക്കിയത്. അന്ന് 80 ലക്ഷമായിരുന്നു ജനസംഖ്യ. ഇപ്പോഴത്തെ പൗരത്വ രജിസ്റ്റർ നടപടികൾ നിരീക്ഷിച്ച സുപ്രീംകോടതി ഡിസംബർ 31ന് പ്രസിദ്ധീകരിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.
രണ്ടു കോടിയിലേറെ പൗരന്മാരുടെ രേഖകൾ പരിശോധിച്ചതിൽ 38 ലക്ഷത്തോളം പേരുടെ രേഖകൾ സംശയാസ്പദ ഗണത്തിലാണ്. 3.28 കോടി അപേക്ഷകളിൽ 29 ലക്ഷം പേരെ രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായി. ഗ്രാമപഞ്ചായത്തുകൾ നൽകിയ തിരിച്ചറിയൽ കാർഡുകളാണ് ഇവർ ഹാജരാക്കിയത്. എന്നാൽ, ഇത്തരം രേഖകൾ അസാധുവാണെന്ന് ഗുവാഹതി ഹൈകോടതി വ്യക്തമാക്കി. തുടർന്ന് സുപ്രീംകോടതി ഇൗ വിധി ദുർബലപ്പെടുത്തുകയും രേഖകൾ സൂക്ഷ്മപരിശോധന നടത്തി തീരുമാനമെടുക്കണമെന്ന് ഉത്തരവിടുകയും െചയ്തിരുന്നു. അനധികൃത കുടിയേറ്റക്കാരെ സംസ്ഥാനത്തുനിന്ന് പുറത്താക്കണമെന്നാവശ്യെപ്പട്ട് 1979 മുതൽ അസം സ്റ്റുഡൻറ്സ് യൂനിയൻ (അസു) പ്രക്ഷോഭം അഴിച്ചുവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.