ഭാര്യക്ക് 10 കോടി കേന്ദ്ര സബ്സിഡി; അസം മുഖ്യമന്ത്രിയെ വിടാതെ കോൺഗ്രസ്
text_fieldsന്യൂഡൽഹി: അസം മുഖ്യമന്ത്രിയുടെ ഭാര്യ റിങ്കി ഭുയാൻ ശർമയുടെ കമ്പനിക്ക് കേന്ദ്ര സർക്കാർ 10 കോടി രൂപ സബ്സിഡി അനുവദിച്ച വിവാദത്തിൽ വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
വിഷയമുയർത്തിയതിന് 10 കോടി രൂപയുടെ മാനനഷ്ട കേസ് നൽകിയ ബി.ജെ.പി മുഖ്യമന്ത്രിയുടെ ഭാര്യ തന്റെ പോസ്റ്റിന് ആധാരമായ ചോദ്യം ലോക്സഭയിൽ ഉന്നയിച്ച ബി.ജെ.പി എം.പി പല്ലബ് ലോചൻ ദാസിനെയും മറുപടി നൽകിയ പിയൂഷ് ഗോയലിനെയും ആ കേസിൽ കക്ഷിയാക്കണമെന്നും കോൺഗ്രസ് നേതാവും ലോക്സഭയിലെ പാർട്ടി ഉപനേതാവുമായ ഗൗരവ് ഗോഗോയി ഉപദേശിച്ചു. ‘പ്രധാൻ മന്ത്രി കിസാൻ സമ്പാദന യോജന’യുടെ ഗുണഭോക്താക്കളുടെ പട്ടികയിൽ റിങ്കിയുടെ കമ്പനിക്ക് 10 കോടി അനുവദിച്ചുവെന്ന് പിയൂഷ് ഗോയലാണ് ലോക്സഭയിൽ വെളിപ്പെടുത്തിയത്.
അസമിലെ നിക്ഷേപത്തെ കുറിച്ച് ബി.ജെ.പി എം.പി പല്ലബ് ലോചൻ ദാസ് ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വാണിജ്യ മന്ത്രി നൽകിയ മറുപടിയും ഗൗരവ് ഗോഗോയ് പുറത്തുവിട്ടു. ഇതിൽ അസമിൽ കേന്ദ്രം അനുവദിച്ച ആനുകൂല്യത്തിന്റെ പട്ടികയിലാണ് മുഖ്യമന്ത്രിയുടെ ഭാര്യയുടെ കമ്പനിയായ പ്രൈഡ് ഈസ്റ്റ് എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന് 10 കോടി ഗ്രാൻറ് അനുവദിച്ചതായി പിയൂഷ് ഗോയൽ വെളിപ്പെടുത്തിയത്. തന്റെ ഭാര്യയോ അവരുടെ കമ്പനിയോ കേന്ദ്ര സർക്കാറിൽനിന്ന് ഒരു സബ്സിഡിയും സ്വീകരിച്ചിട്ടില്ലെന്ന് പലതവണ ആവർത്തിച്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, കേന്ദ്ര മന്ത്രിയുടെ മറുപടി ഗോഗോയ് പുറത്തുവിട്ട ശേഷം അനുവദിച്ചതായി കേന്ദ്രം പറയുന്ന സബ്സിഡി സ്വീകരിച്ചിട്ടില്ലെന്നാണ് പറഞ്ഞത്. മറിച്ചുള്ള തെളിവ് ആരെങ്കിലും ഹാജരാക്കിയാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതടക്കമുള്ള ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ തയാറാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
എന്നാൽ, ഇതിന് മറുപടിയുമായി രംഗത്തുവന്ന ഗൗരവ് ഗോഗോയി, കേന്ദ്രം 10 കോടി അനുവദിച്ചശേഷം അത് നൽകിയില്ലെന്ന് അസം മുഖ്യമന്ത്രി പരാതി പറയുകയാണോ എന്ന് പരിഹസിച്ചു. ഇതിനോട്, ഗോഗോയ് ഗോൾ പോസ്റ്റ് മാറ്റരുതെന്ന് ഹിമന്ത ബിശ്വ ശർമ ‘എക്സി’ൽ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.