ബജ്രംഗ് ദളിന് ബി.ജെ.പിയുമായോ, ആർഎസ്എസുമായോ വിദൂര ബന്ധം പോലുമില്ലെന്ന് അസം മുഖ്യമന്ത്രിയുടെ അവകാശവാദം
text_fieldsഭാരതീയ ജനതാ പാർട്ടിയുമായോ രാഷ്ട്രീയ സ്വയം സേവക് സംഘവുമായോ ബജ്രംഗ് ദളിന് വിദൂര ബന്ധം പോലുമില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ അവകാശവാദം. സംസ്ഥാന നിയമസഭയിൽ ബജ്രംഗ് ദൾ ക്യാമ്പിനിടെ ആയുധ പരിശീലനത്തെക്കുറിച്ചുള്ള അടിയന്തര പ്രമേയത്തിനുള്ള മറുപടിയിലാണീ വിവാദ പ്രതികരണം. പുതുതായി ഉദ്ഘാടനം ചെയ്ത നിയമസഭാ മന്ദിരത്തിൽ നടക്കുന്ന ആദ്യ സമ്മേളനത്തിലാണി പ്രതികരണം. പ്രതിപക്ഷ എം.എൽ.എമാർ തങ്ങളുടെ അടിയന്തര പ്രമേയം അംഗീകരിക്കുന്നില്ലെങ്കിൽ വാക്കൗട്ട് നടത്തുമെന്നും പുതിയ കെട്ടിടത്തിലെ ആദ്യ സമ്മേളനം വാക്കൗട്ടോടെ ആരംഭിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞ ശർമ്മ എല്ലാ അടിയന്തര പ്രമേയങ്ങളും അംഗീകരിക്കാൻ സ്പീക്കർ ബിശ്വജിത് ഡയമരിയോട് ആവശ്യപ്പെട്ടിരുന്നു.
ബജ്രംഗ് ദളിെൻറ ആയുധപരിശീലനം സംബന്ധിച്ച അടിയന്തര പ്രമേയത്തിന് പുറമെ, സംസ്ഥാനത്തെ വൈദ്യുതി വിതരണ പ്രശ്‌നങ്ങളെക്കുറിച്ചും നദീതീരങ്ങളിലെ അപകടസാധ്യതകളെക്കുറിച്ചുമുള്ള അടിയന്തര പ്രമേയങ്ങളും സ്പീക്കർ ഡൈമേരി അംഗീകരിച്ചു. ജൂലൈയിൽ അസമിലെ മംഗൽദായ് പട്ടണത്തിലെ ഒരു സ്‌കൂളിൽ യുവാക്കൾ ആയുധപരിശീലനം നടത്തുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന്, സംഘാടകരായ ബജ്രംഗ് ദൾ നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രാദേശിക ഭരണകൂടം അറിയാതെ ഇത്തരമൊരു പരിപാടി നടക്കാൻ സാധ്യതയില്ലെന്ന് അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിച്ച എ.ഐ.യു.ഡി.എഫ് എം.എൽ.എ അമിനുൾ ഇസ്ലാം പറഞ്ഞു. കഴിഞ്ഞ വർഷം പുറത്തുവന്ന അസമിലെ ധുബ്രിയിലെ സമാനമായ ഒരു പരിപാടി ചൂണ്ടിക്കാട്ടിയാണ് എം.എൽ.എയുടെ പ്രതികരണം. ഇതിനോട് പ്രതികരിച്ച മുഖ്യമന്ത്രി, പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുമെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.