കേന്ദ്രമന്ത്രി ബംഗ്ലാദേശിയോ; വിവാദം കൊഴുക്കുന്നു
text_fieldsന്യൂഡൽഹി: പശ്ചിമ ബംഗാളിൽനിന്നുള്ള എം.പിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ നിസിത് പ്രമാണിക്കിെൻറ പൗരത്വ വിവാദം കൊഴുക്കുന്നു. നിസിത് ബംഗ്ലാദേശ് പൗരനാണെന്നാണ് ആരോപണം. പൗരത്വം ചോദ്യം ചെയ്ത് കോൺഗ്രസ് എം.പിയും കോൺഗ്രസ് അസം സംസ്ഥാന അധ്യക്ഷനുമായ റിപുൻ ബോറ വെള്ളിയാഴ്ച പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. പൗരത്വവും ജന്മസ്ഥലവും അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തെഴുതിയത്. പാർലമെൻറ് സമ്മേളനത്തിനു മുമ്പ് ഇക്കാര്യത്തിൽ സംശയം ദൂരീകരിക്കണമെന്നായിരുന്നു ആവശ്യം. സംഭവത്തിൽ തൃണമൂൽ നേതാക്കളായ മന്ത്രിമാർകൂടി പ്രതികരണവുമായി രംഗത്തെത്തി. മന്ത്രിമാരായ ബ്രത്യ ബസു, ഇന്ദ്രാനിൽ സെൻ എന്നിവരാണ് പൗരത്വ വിവാദം വീണ്ടും ചർച്ചയാക്കിയത്. കേന്ദ്രമന്ത്രി ഒരു വിദേശ പൗരനായിരിക്കാമെന്ന വാർത്ത തന്നെ ഞെട്ടിച്ചുവെന്നാണ് ഇന്ദ്രാനിൽ സെന്നിെൻറ പ്രതികരണം. വാർത്തകൾക്കൊപ്പമാണ് ഇരുവരുടെയും ട്വീറ്റ്. 35കാരനായ നിസിത് കേന്ദ്രമന്ത്രിയായി അധികാരമേറ്റതിനു പിറകെ അദ്ദേഹത്തിന് ആശംസയർപ്പിച്ചു വന്ന ഒരു ഫേസ്ബുക് പോസ്റ്റോടെയാണ് പൗരത്വവിവാദം ഉടലെടുത്തത്. ബംഗ്ലാദേശിലെ ഹരിനാഥ്പുരിെൻറ വിജയിയായ പുത്രനെന്നായിരുന്നു പോസ്റ്റിലെ വിശേഷണം. ബംഗ്ലാദേശിലെ മതസംഘടനയായ പൂജാർ മേളയാണ് ആശംസയർപ്പിച്ചത്. ഗായ്ബന്ധ ജില്ലയിലെ ഹരിനാഥ്പുരിലാണ് നിസിത് ജനിച്ചതെന്നും കമ്പ്യൂട്ടർ സയൻസ് പഠിക്കാനാണ് ബംഗാളിൽ എത്തിയതെന്നും അതിലുണ്ട്. സംഭവം വിവാദമായതോടെ പോസ്റ്റ് നീക്കി. നിസിതിെൻറ ലോക്സഭ വ്യക്തിഗത വിവരങ്ങളിൽ ബംഗാളിലെ കൂച്ച് ബിഹാർ ജില്ലയിലെ ദിൻഹട്ടയിലാണ് ജനിച്ചതെന്നും കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ബിരുദധാരിയാണെന്നും ഉണ്ട്.
എന്നാൽ, പൗരത്വം ചോദ്യംചെയ്തുള്ള ആരോപണം ബി.ജെ.പി നിഷേധിച്ചു. വെറുതെ ആരോപണമുയർത്തിയതുകൊണ്ട് കാര്യമില്ലെനും തെളിവ് ഹാജരാക്കണമെന്നും ബി.ജെ.പി വക്താവ് ശ്രമിക് ഭട്ടാചാര്യ ആവശ്യപ്പെട്ടു.
ഇതാദ്യമായല്ല നിസിത് വാർത്തകളിൽ നിറയുന്നത്. ഇദ്ദേഹത്തിെൻറ വിദ്യാഭ്യാസ യോഗ്യത തൃണമൂൽ നേതാക്കൾ നേരത്തേ ചോദ്യം ചെയ്തിരുന്നു. കൊലപാതകമുൾപ്പെടെ ഡസനിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് നിസിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.