പ്രളയത്തിൽ വിറങ്ങലിച്ച് അസം
text_fieldsന്യൂഡൽഹി: ഒരുമാസത്തോളമായി തുടരുന്ന മഴക്ക് അൽപം ശമനമായെങ്കിലും അസമിലെ കണ്ണീർമഴ തോർന്നില്ല. വെള്ളത്തിൽ മുങ്ങിയ വീടുകളും റോഡുകളും കവിഞ്ഞൊഴുകുന്ന ബ്രഹ്മപുത്രയടക്കം നദീതീരങ്ങളിൽ കിലോമീറ്ററുകളോളം മനുഷ്യർ വിശന്നും വിലപിച്ചും കഴിയുന്നതാണ് കാഴ്ച.
അസം ദുരന്തനിവാരണ അതോറിറ്റിയുടെ (എ.എസ്.ടി.എം.എ) കണക്കുകൾ പ്രകാരം വെള്ളപ്പൊക്കം ശനിയാഴ്ചവരെ കവർന്നത് 58 ജീവനുകളാണ്. നദികളിലെ വെള്ളമിറങ്ങിത്തുടങ്ങുന്നത് പ്രതീക്ഷ നൽകുന്നുവെങ്കിലും ദുരിതത്തിന് അൽപമെങ്കിലും ശമനമാകണമെങ്കിൽ ഇനിയും ഒരാഴ്ചയെങ്കിലും കഴിയണമെന്ന് ജലവിഭവ മന്ത്രി പിജുഷ് ഹസാരിക പറഞ്ഞു.
പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകിയതോടെ സംസ്ഥാനത്തെ 35ല്‍ 29 ജില്ലകളിലും വെള്ളപ്പൊക്കം തുടരുകയാണ്. ധുബ്രി, ദാരാംഗ്, കച്ചര്‍, ബര്‍പേത, മോറിഗാവ് തുടങ്ങിയ ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചത്. ബ്രഹ്മപുത്ര, ബരാക് അടക്കമുള്ള നദികളിലും കൈവഴികളിലും അപകടനിലയെക്കാള്‍ ഉയര്‍ന്ന ജലനിരപ്പാണുള്ളത്. 63,000 ഹെക്റ്ററില്‍ അധികം വരുന്ന കൃഷിഭൂമി പൂര്‍ണമായും വെള്ളത്തിനടിയിലായി. വീട് വെള്ളത്തിനടിയിലായതോടെ പലയിടത്തും മുങ്ങാതെ അവശേഷിച്ച റോഡിന്റെ ചിലഭാഗങ്ങളിൽ ഗ്രാമീണർ കൂട്ടമായി അഭയം പ്രാപിച്ചിട്ടുണ്ട്.
ഇവർക്ക് ഭക്ഷണവും വെള്ളവുമടക്കം എത്തിക്കാനാവുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ദരാംഗ് ജില്ലയിൽ മാത്രം 98 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ഇവിടെനിന്ന് 1,63,218 ആളുകൾ പലായനം ചെയ്തുവെന്നാണ് പ്രാഥമിക കണക്കുകൾ. മിക്കയിടങ്ങളിലും റോഡുകൾ വെള്ളത്തിനടിയിലായതും വാർത്തവിനിമയ ബന്ധങ്ങൾ അറ്റതും ദുരിതാശ്വാസപ്രവർത്തനങ്ങളെ ബാധിച്ചു. ചെറുവള്ളങ്ങളാണ് മിക്ക ഗ്രാമങ്ങൾക്കും പുറംലോകവുമായി ഏക ബന്ധം. കനത്ത മഴയിൽ 23 ലക്ഷത്തോളം പേരാണ് ദുരിതത്തിലായത്. നദീ പരിസരത്തുള്ള ധുബാരി, കചർ ജില്ലകളിലും സ്ഥിതി രൂക്ഷമാണ്. തകർന്ന വീടുകളുടെ കൃത്യമായ എണ്ണം ലഭിച്ചിട്ടില്ല. ജനവാസമേഖലകളിലെ പല വീടുകളും പൂർണമായി വെള്ളത്തിനടിയിലാണ്.
വൈദ്യുതി ബന്ധം പൂർണമായി വിച്ഛേദിക്കപ്പെട്ടതോടെ മിക്ക ദുരിതാശ്വാസ ക്യാമ്പുകളും ഇരുട്ടിലാണ്. കാശിരംഗ ദേശീയോദ്യാനത്തിന്റെ 70 ശതമാനവും വെള്ളത്തില്‍ മുങ്ങി. ഏഴ് കാണ്ടാമൃഗങ്ങളടക്കം 131 ഓളം വന്യജീവികളുടെ ജഡങ്ങളും കണ്ടെത്തിയതായി വന്യജീവി വകുപ്പ് അറിയിച്ചു.
അരലക്ഷം പേർക്ക് സഹായമെത്തിച്ച് എസ്.ബി.എഫ്
ന്യൂഡൽഹി: 23 ലക്ഷം മനുഷ്യരെ ബാധിച്ച അസമിലെ പ്രളയക്കെടുതിയിൽ രക്ഷാ -ദുരിതാശ്വാസ പ്രവർത്തനങൾക്കായി സൊസൈറ്റി ഫോർ ബ്രൈറ്റ് ഫ്യൂച്ചർ (എസ്.ബി.എഫ്) വളണ്ടിയർമാർ രംഗത്തിറങ്ങി. അരലക്ഷത്തോളം പേർക്ക് എസ്.ബി.എഫ് സഹായമെത്തിച്ചു. പ്രളയത്തിൽ കുടുങ്ങിയ 2,945 കുടുംബങ്ങളിലെ 14,725 പേരെ എസ്.ബി.എഫ് വളണ്ടിയർമാർ പുറത്തെത്തിച്ചു. 800 കുടുംബങ്ങളിലെ 24,300 പേർക്ക് ഭക്ഷണവും 1,006 കുടുംബങ്ങളിലെ 5830 പേർക്ക് വൈദ്യസഹായവുമെത്തിച്ചു. സംസ്ഥാന ദുരന്തനിവാരണ സേനയുമായി സഹകരിച്ചാണ് പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.