ദുരന്തമൊഴിയാതെ അസം; പ്രളയത്തിൽ മരണസംഖ്യ 134 ആയി ഉയർന്നു
text_fieldsഗുവാഹത്തി: അസമിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 134 ആയി. കഴിഞ്ഞ ദിവസം രണ്ടുകുട്ടികളടക്കം എട്ടുപേർ മരിച്ചതോടെയാണ് മരണസംഖ്യ 134 ആയി ഉയർന്നതെന്ന് അധികൃതർ അറിയിച്ചു. മരിച്ചവരിൽ എട്ടുപേർ കഞ്ചാർ ജില്ലക്കാരും മറ്റുള്ളവർ കാംരുപ് മെട്രോ, മൊറിഗോൺ, നാഗോൺ എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്.
വെള്ളപ്പൊക്കത്തിൽ കഞ്ചാറിൽ നിന്നും ഒരാളെ കാണാതായതായും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 22.21 ലക്ഷം ആളുകൾ ഇപ്പോഴും ദുരന്തബാധിതരായി തുടരുകയാണ്. നിലവിൽ ബാർപേട്ട ജില്ലയിൽ മാത്രം 6,14,950 ദുരന്തബാധിതരാണുള്ളത്.
74,655.89 ഹെക്ടർ കൃഷിയിടങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. 18 ജില്ലകളിലെ 538 ദുരിതാശ്വാസ കാമ്പുകളിലായി 1,91,194 ആളുകൾ അഭയം തേടിയിട്ടുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.
നദികളിൽ ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും കൊപിലി, ബരാക്, കുഷിയാര എന്നീ നദികൾ ഇപ്പോഴും അപകടനിലക്ക് മുകളിലാണ് ഒഴുകുന്നത്. സിൽചാർ നഗരം തുടർച്ചയായ ഏഴാം ദിവസവും വെള്ളത്തിനടിയിലാണ്. ദുരന്ത ബാധിത പ്രദേശങ്ങളിൽ ഭക്ഷണപാക്കറ്റുകൾ, കുടിവെള്ള കുപ്പികൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ഇന്ത്യൻ വ്യോമസേന എയർ ഡ്രോപ് ചെയ്യുന്നുണ്ട്. എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, അഗ്നിരക്ഷാസേന, അസം പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
ഡ്രോണുകൾ ഉപയോഗിച്ച് നാശനഷ്ടങ്ങൾ വിലയിരുത്താൻ സിൽചാർ നഗരത്തിൽ വെള്ളപ്പൊക്ക മാപ്പിങ് നടത്തുന്നുണ്ടെന്നും ഇത് ഭാവിയിൽ നഷ്ടം ലഘൂകരിക്കാൻ സഹായിക്കുമെന്നും കഞ്ചാർ ഡെപ്യൂട്ടി കമ്മീഷണർ കീർത്തി ജാലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.