അസം വെള്ളപ്പൊക്കം: ഏഴ് ലക്ഷം പേർ ദുരിതത്തിൽ, മരണം ഒമ്പതായി
text_fieldsദിസ്പൂർ: അസമിൽ രൂക്ഷമാകുന്ന വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 7,16,000ലേറെ പേർ ദുരിതത്തിലാണെന്ന് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. റാഹ, നാഗോൺ റവന്യൂ സർക്കിളിന് കീഴിലെ ബൊർകോല, ദഖിൻപാട്ട് പ്രദേശങ്ങളിലെ ആയിരക്കണക്കിന് വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് നിരവവധി പേർ ക്യാമ്പിൽ അഭയം തേടിയതായി സർക്കാർ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും അസമിലെ നിരവധി ജില്ലകളിൽ റോഡുകളും റെയിൽവേ ട്രാക്കുകളും ഭാഗികമായി തകർന്നിരുന്നു. വെള്ളപ്പൊക്കത്തിൽ സംസ്ഥാനത്ത് ഇതുവരെ ഒമ്പത് പേർ മരിച്ചിട്ടുണ്ട്.
ദുരന്തത്തെതുടർന്ന് ഗതാഗത തടസ്സം നേരിട്ട ദിമാ ഹസാവോയിലും ബരാക് താഴ്‌വരയിലും 3000 രൂപ നിരക്കിൽ അടിയന്തര വിമാന സർവീസ് ഏർപ്പെടുത്താൻ അസം മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ കാസിരംഗ നാഷണൽ പാർക്ക്, ടൈഗർ റിസർവ് പോലുള്ള ദേശീയ പാർക്കുകളിലും വന്യജീവി സങ്കേതങ്ങളിലും വെള്ളം ഉയരുന്നത് പ്രതിസന്ധി ഉയർത്തുന്നുണ്ട്. മൃഗങ്ങളെ മാറ്റിപാർപ്പിക്കാന്‍ 40 ഓളം ഉയർന്ന പ്രദേശങ്ങൾ വനംവകുപ്പ് നിർമ്മിച്ചിട്ടുണ്ട്. മൃഗങ്ങളെ രക്ഷിക്കാനുള്ള സജീവ ശ്രമത്തിലാണ് തന്റെ വകുപ്പെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ രാപ്പകലില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും പരിസ്ഥിതി, വനം മന്ത്രി പരിമൾ ശുക്ലബൈദ്യ പറഞ്ഞു.
സംസ്ഥാനത്തെ നദികളിലെല്ലാം ഉയർന്ന ജലനിരപ്പാണ് രേഖപ്പെടുത്തുന്നത്. ദുരിതബാധിത പ്രദേശങ്ങളിൽ 89 പുനരധിവാസ ക്യാമ്പുകളും ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും തുറന്നിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം അസം ചീഫ് സെക്രട്ടറി ജിഷ്ണു ബറുവ അറിയിച്ചിരുന്നു. 39,558 പേരാണ് ഈ ക്യാമ്പുകളിൽ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.