അതിതീവ്ര മഴ; പ്രളയ ഭീതിയിൽ മുങ്ങി അസം
text_fieldsഗുവാഹത്തി: അതിതീവ്ര മഴയിൽ കൂടുതൽ പ്രദേശങ്ങൾ മുങ്ങി അസം. കഴിഞ്ഞ ആറ് ദിവസങ്ങളിലായി വെള്ളപ്പൊക്കവും വ്യാപക മണ്ണിടിച്ചിലും ഉണ്ടായി.
24 മണിക്കൂറിനിടെ 32 ജില്ലകളിലും 118 റവന്യു സർക്കിളുകളിലും 4,291 ഗ്രാമങ്ങളിലും വെള്ളം കയറി. ശരാശരി 37.2 മില്ലി മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. 514 ദുരിതാശ്വാസ ക്യാമ്പുകളിലായി 1.56 ലക്ഷം ആളുകളെ മാറ്റി പാർപ്പിച്ചു. 302 താൽകാലിക ക്യാമ്പുകളും തുറന്നിട്ടുണ്ട്. വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിൽ നിന്ന് ഇതുവരെ 20,983 ആളുകളെ രക്ഷപെടുത്തി. 31 ലക്ഷം ആളുകളാണ് മൊത്തം ദുരന്തബാധിതർ.
ശനിയാഴ്ച തുടർച്ചയായി പെയ്ത മഴയിൽ ഗുവാഹത്തിയിൽ ഭൂരിഭാഗം പ്രദേശങ്ങളും മുട്ടറ്റം വെള്ളത്തിലായി. അപ്പർ അസമിൽ വെള്ളം പൊങ്ങിയതിനെ തുടർന്ന് ബ്രഹ്മപുത്ര നദി കരകവിഞ്ഞ് ഒഴുകിയതാണ് ഗുവാഹത്തിയിൽ വെള്ളപ്പൊക്കമുണ്ടാകാൻ കാരണം.
ദേശീയ പാതകളിൽ പലയിടത്തും ഗർത്തങ്ങൾ രൂപപ്പെട്ടിരുന്നു. ഗതാഗതം ഭാഗികമായി നിലച്ചിരിക്കുകയാണ്.
60 വർഷത്തിനിടെയുള്ള ഏറ്റവും കനത്ത മഴയാണ് അസമിലും മേഘാലയയിലുമുണ്ടായത്. 31 മരണം രേഖപ്പെടുത്തി. മേഘാലയയിൽ 19 പേരാണ് ആകെ മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്കുമെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ അറിയിച്ചു.
വാരാന്ത്യത്തോടെ പല സംസ്ഥാനങ്ങളിലും മഴ കനക്കുമെന്ന മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.