അസം വെള്ളപ്പൊക്കത്തിൽ ആകെ മരണം 25 ആയി
text_fieldsഗുവാഹത്തി: അസമിലെ വെള്ളപ്പൊക്കത്തിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ ഈ വർഷത്തെ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലുമായി സംസ്ഥാനത്തുടനീളം മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നു. നിലവിൽ സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന് നേരിയ ശമനമുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കച്ചാർ ജില്ലയിലെ സിൽച്ചാറിലാണ് ഇന്ന് ഒരു മരണം റിപ്പോർട്ട് ചെയ്തത്. അസമിലെ ദുരന്തനിവാരണ അതോറിറ്റിയാണ് കണക്കുകൾ പുറത്ത് വിട്ടത്.
ബാർപേട്ട, കച്ചാർ, ദരാങ്, ധുബ്രി, ദിബ്രുഗഡ്, ദിമ ഹസാവോ, ഗോൾപാറ, ഗോലാഘട്ട്, ഹൈലക്കണ്ടി, ഹോജായ്, ജോർഹത്ത്, കാംരൂപ്, കാംരൂപ് മെട്രോപൊളിറ്റൻ, കർബി ആംഗ്ലോങ് വെസ്റ്റ്, കരിംഗഞ്ച് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കം മൂലം 6 ലക്ഷത്തിലധികം ആളുകൾ ദുരിതത്തിലാണെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
മൂന്ന് ലക്ഷത്തിലധികം ആളുകൾ ദുരിതത്തിലായ നാഗോണാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന ജില്ല. സംസ്ഥാനത്തെ 22 ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചത്. നിലവിൽ 1,709 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണെന്നും 82,503 ഹെക്ടർ കൃഷിയിടങ്ങൾ അസമിലുടനീളം നശിച്ചിട്ടുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
എട്ട് ജില്ലകളിലായി 656 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും 19,555 കുട്ടികളടക്കം 90,597 പേർ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കരസേന, അർദ്ധസൈനിക സേന, ദേശീയ ദുരന്ത നിവാരണ സേന, എസ്.ഡി.ആർ.എഫ്, സിവിൽ അഡ്മിനിസ്‌ട്രേഷൻ, പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകർ, ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് 110 പേരെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.