'കശ്മീർ ഫയൽസ്' കാണാൻ അസമിലെ സർക്കാർ ജീവനക്കാർക്ക് അവധി
text_fieldsഗുവാഹത്തി: വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'കശ്മീർ ഫയൽസ്' എന്ന സിനിമ കാണാൻ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പകുതി ദിവസത്തെ അവധി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രഖ്യാപിച്ചു.
സർക്കാർ ജീവനക്കാർക്ക് സിനിമ കാണുന്നതിനായി ഹാഫ് ഡേ സ്പെഷ്യൽ ലീവിന് അർഹതയുണ്ടെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്നും അവധിയെടുക്കുന്നവർ തൊട്ടടുത്ത ദിവസം അവരുടെ മേലുദ്യോഗസ്ഥർക്ക് ടിക്കറ്റ് സമർപ്പിച്ചാൽ മതിയെന്നും ശർമ്മ പറഞ്ഞു.
നേരത്തെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരും ചേർന്ന് സിനിമ കണ്ടിരുന്നു. കശ്മീരി പണ്ഡിറ്റുകളുടെ പലായനവുമായി ബന്ധപ്പെട്ട കഥയാണ് സിനിമ പറയുന്നത്. വംശഹത്യയും അവരുടെ പലായനവും മാനവികതക്ക് കളങ്കമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരുടെ ദുരവസ്ഥയുടെ ഹൃദയസ്പർശിയായ സിനിമ തന്‍റെ കാബിനറ്റ് സഹപ്രവർത്തകർക്കൊപ്പം കണ്ടെന്നും ശർമ്മ പറഞ്ഞു.
സിനിമയുടെ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. നരേന്ദ്ര മോദി ചിത്രത്തിന്‍റെ നിർമ്മാതാക്കളെ പ്രശംസിക്കുകയും ചരിത്രത്തെ ശരിയായ സന്ദർഭത്തിൽ അവതരിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞിരുന്നു. ബി.ജെ.പി ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ സിനിമക്ക് നികുതിയിളവ്, സിനിമ കാണുന്ന പൊലീസുകാർ അടക്കമുള്ള സർക്കാർ ജീവനക്കാർക്ക് അവധി എന്നിവ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.