അസമിൽ സമ്പൂർണ ബീഫ് നിരോധനം; റെസ്റ്റാറന്‍റുകളിലും പൊതുസ്ഥലത്തും വിളമ്പുന്നതിന് വിലക്ക്
text_fieldsഗുവാഹത്തി: അസമിൽ ബീഫ് വിളമ്പുന്നതിനും കഴിക്കുന്നതിനും സംസ്ഥാന സർക്കാർ സമ്പൂർണ വിലക്ക് ഏർപ്പെടുത്തി. റെസ്റ്റാറന്‍റുകളിലും പൊതു പരിപാടികളിലും ഉൾപ്പെടെ ബീഫ് ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. മാട്ടിറച്ചി ഉപഭോഗം സംബന്ധിച്ച് നിലവിലുള്ള നിയമം ഭേദഗതി ചെയ്താണ് നിരോധനം ഏർപ്പെടുത്തിയത്. മന്ത്രിസഭാ യോഗത്തിൽ പുതിയ വ്യവസ്ഥകൾ കൂട്ടിച്ചേർക്കുകയായിരുന്നു.
“അസമിലെ റസ്റ്റാറന്‍റുകളിലോ ഹോട്ടലുകളിലോ പൊതുപരിപാടിയിലോ പൊതുസ്ഥലലത്തോ ബീഫ് വിളമ്പരുതെന്ന് തീരുമാനിച്ചിരിക്കുകയാണ്. നേരത്തെ ക്ഷേത്രങ്ങൾക്ക് സമീപം മാത്രമായിരുന്നു ബീഫിന് നിരോധനം. എന്നാൽ ഇപ്പോഴത് സംസ്ഥാന വ്യാപകമായി നിരോധിക്കാൻ തീരുമാനിച്ചിരിക്കുന്നു” -മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ട്വീറ്റ്, റീട്വീറ്റ് ചെയ്ത അസം മന്ത്രി പിജുഷ് ഹസാരിക, കോൺഗ്രസിന് നിരോധനം സ്വീകാര്യമല്ലെങ്കിൽ പാകിസ്താനിലേക്ക് പോകാമെന്നും പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച നടത്തിയ വാർത്ത സമ്മേളനത്തിൽ ബീഫ് നിരോധിക്കുമെന്ന് മുഖ്യമന്ത്രി സൂചന നൽകിയിരുന്നു. പിന്നാലെ കോൺഗ്രസ് നേതാവ് റാകിബുൽ ഹുസൈൻ ഉൾപ്പെടെയുള്ളവർ തീരുമാനത്തെ എതിർത്ത് രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷത്തെ സ്വാധീനിക്കാൻ സമഗുരി മണ്ഡലത്തിൽ ബി.ജെ.പി ബീഫ് വിതരണം ചെയ്തിരുന്നുവെന്നും ഹുസൈൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.