ഒമിക്രോൺ ഭീതി; അസ്സമിലും ഇന്നുമുതൽ രാത്രി കർഫ്യു
text_fieldsന്യൂഡൽഹി: ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ ഞായറാഴ്ച മുതൽ രാത്രി കർഫ്യു പ്രഖ്യാപിച്ച് അസ്സം സർക്കാറും. രാത്രി 11.30 മുതൽ രാവിലെ ആറുവരെയാണ് ജനം പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്. പുതുവത്സര ആഘോഷം കണക്കിലെടുത്ത് ഡിസംബർ 31ന് നിയന്ത്രണം ഒഴിവാക്കിയിട്ടുണ്ട്.
ഉത്തർപ്രദേശ്, ഹരിയാന സർക്കാറുകളും കഴിഞ്ഞദിവസം രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. അസ്സമിൽ ഇതുവരെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടില്ല. രാത്രി 10.30നുശേഷം വ്യാപാര സ്ഥാപനങ്ങൾ, റസ്റ്റാറന്‍റുകൾ, പാൽ ബൂത്തുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കില്ല. രാത്രികാല ജോലിയും അനുവദിക്കില്ലെന്ന് സംസ്ഥാന ദുരന്തനിവാര അതോറിറ്റിയുടെ ഉത്തരവിൽ പറയുന്നു.
കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തി പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടത്തിന് നിയന്ത്രണം ഏർപ്പെടുത്താനും ജില്ല ഭരണകൂടങ്ങൾക്ക് നിർദേശം നൽകി. ഇൻഡോർ സ്ഥാപനങ്ങളിൽ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു. തിയറ്ററുകളിൽ വാക്സിൻ എടുത്തവർക്ക് മാത്രമാണ് പ്രവേശനം. മുഖാവരണം ധരിക്കാത്തവർക്കും പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്കും 1000 രൂപ പിഴ ചുമത്താനും കർശന നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.