അസമിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; നാല് പുതിയ മന്ത്രിമാർ
text_fieldsഗുവാഹത്തി: മന്ത്രിസഭ വിപുലീകരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. നാല് ബി.ജെ.പി എം.എൽ.എമാരെ മന്ത്രിമാരായി നിയമിച്ചു. നിയമസഭാംഗങ്ങളായ പ്രശാന്ത ഫുക്കൻ, കൗശിക് റായ്, കൃഷ്ണേന്ദു പോൾ, രൂപേഷ് ഗോല എന്നിവരാണ് മന്ത്രിമാരായി നിയമിതരായത്. ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും സഹമന്ത്രിമാരും പങ്കെടുത്ത ചടങ്ങിലാണ് പുതിയ മന്ത്രിമാർ ചുമതലയേറ്റത്.
70കാരനായ പ്രശാന്ത ഫുക്കൻ 2006 മുതൽ ദിബ്രുഗഢ് എം.എൽ.എയാണ്. രൂപേഷ് ഗോല (46) "ടീ ട്രൈബ്" സമുദായത്തിൽ നിന്നുള്ള മുൻ മുൻവിദ്യാർഥി നേതാവാണ്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബി.ജെ.പിയിൽ ചേർന്നത്. ദൂം ദൂമ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് എം.എൽ.എയായി. ദക്ഷിണ അസമിലെ ബരാക് താഴ്‌വരയിൽ നിന്നുള്ളവരാണ് മറ്റ് രണ്ട്പേർ. പോൾ ശ്രീഭൂമി ജില്ലയിലെ പതാർകണ്ടി എം.എൽ.എയാണ്. കൗശിക് റായ് (50) കച്ചാർ ജില്ലയിലെ ലാഖിപൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
പുനഃസംഘടനയുടെ ഭാഗമായി തൊഴിൽ ക്ഷേമ മന്ത്രി സഞ്ജയ് കിഷനെ ഒഴിവാക്കി. അദ്ദേഹത്തെ അസം ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് കോർപറേഷന്‍റെ ചെയർമാനായി നിയമിച്ചു.
126 അംഗങ്ങളാണ് അസം നിയമസഭയിൽ ഉള്ളത്. 84 എം.എൽ.എമാരുള്ള ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് മൂന്ന് കക്ഷികളുടെ എൻ.ഡി.എ സർക്കാറിന് ബി.ജെ.പി. നേതൃത്വം നൽകുന്നു. അസം ഗണ പരിഷത്തും യുനൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലുമാണ് മറ്റ് സഖ്യകക്ഷികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.