അഅ്സം ഖാൻ: കൊല്ലപ്പെടുമെന്ന ഭീതിയിൽ കൊടും രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരൻ
text_fieldsന്യൂഡൽഹി: വിവാദമായ സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിലെ പ്രധാന സാക്ഷിയായ അഅ്സം ഖാൻ ഏതാനും ദിവസംമുമ്പ് മുംബൈയിലെ വിചാരണ കോടതിയിൽ പുതിയ ചില െവളിപ്പെടുത്തലുകൾ നടത്തി. ബി.ജെ.പി നേതാവും ഗുജറാത്ത് ആഭ്യന്തര മന്ത്രിയുമായിരുന്ന ഹരിൺ പാണ്ഡ്യയെ കൊലപ്പെടുത്താൻ ഉത്തരവിട്ടത് ഗുജറാത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഡി.ജി. വൻസാര ആണെന്നായിരുന്നു വെളിപ്പെടുത്തൽ. ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അടുപ്പക്കാരനാണ് വൻസാര. പുതിയ വെളിപ്പെടുത്തലോടെ തെൻറ ജീവൻ തന്നെ നഷ്ടമാകുമോ എന്ന ഭയത്തിലാണ് അഅ്സം ഖാൻ. ഇയാൾ ഇപ്പോൾ ഉദയ്പുർ ജയിലിലാണ്.
ജയിലിൽ ഖാന് കൊടും പീഡനമേറ്റതായി അയാളുടെ ഭാര്യയും ബന്ധുക്കളും പരാതിപ്പെട്ടിട്ടുണ്ട്. സൊഹ്റാബുദ്ദീൻ കേസിൽ ഒന്നും മിണ്ടരുതെന്ന് പൊലീസുകാർ ഭീഷണിപ്പെടുത്തിയതായും അവർ പറഞ്ഞു. ഖാനെതിരെ പൊലീസ് പുതിയ ഒമ്പത് കേസുകൾകൂടി എടുത്തിട്ടുണ്ട്. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ, കൊലക്കുറ്റംവരെ ചുമത്തുമെന്നാണ് പൊലീസ് ഭീഷണി. ഖാനും സൊഹ്റാബുദ്ദീനും കൊല്ലപ്പെട്ട മറ്റൊരാളായ തുളസിറാം പ്രജാപതിയും അടുപ്പക്കാരായിരുന്നു. സൊഹ്റാബുദ്ദീനെ അറസ്റ്റ് ചെയ്യാൻ സമ്മർദമുണ്ടെന്നും ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയാൽ തന്നെ വെറുതെവിടാമെന്ന് പൊലീസ് അറിയിച്ചുവെന്നും പ്രജാപതി പറഞ്ഞതായി ഖാൻ കോടതിയിൽ ബോധിപ്പിച്ചു. സൊഹ്റാബുദ്ദീനും ഭാര്യ കൗസർബിയും ഗുജറാത്തിലെ ഒരു ഫാംഹൗസിൽ കൊല്ലപ്പെെട്ടന്നാണ് പ്രജാപതി പറഞ്ഞത്. തന്നെയും കൊലപ്പെടുത്തുമെന്ന് ഭീതിയുള്ളതിനാൽ അഹ്മദാബാദ് കോടതിയിൽ പ്രജാപതി പരാതി നൽകിയിരുന്നു.
പ്രജാപതിയെ 2006 ഡിസംബർ 23നോ 24നോ ആണ് അവസാനം കണ്ടതെന്ന് ഖാൻ നവംബറിൽ സി.ബി.െഎ വിചാരണ കോടതിയിൽ പറഞ്ഞു. പഴയ മോഷണക്കേസിൽ തന്നെ കസ്റ്റഡിയിൽ എടുത്തതായിരുന്നു. പ്രജാപതിയെ അഹ്മദാബാദിലേക്ക് കോടതി ആവശ്യങ്ങൾക്കായി കൊണ്ടുപോവുകയുമായിരുന്നു. അന്ന് കണ്ടപ്പോൾ നമ്മളിൽ ആരെങ്കിലും ഒരാൾ കൊല്ലപ്പെടുമെന്ന് തുളസിറാം പറഞ്ഞു -ഖാൻ വ്യക്തമാക്കി. തുടർന്ന് പ്രജാപതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് മരണമെന്നായിരുന്നു പൊലീസ് ഭാഷ്യം. ഇതിനുശേഷം ഖാൻ പൊലീസിെൻറ ശ്രദ്ധയിൽ പെടാതിരിക്കാൻ കാര്യമായി ഒളിവിൽതന്നെയായിരുന്നു.ഖാൻ ഒളിവിൽ കഴിയവെ, മാതാവ് ഹുസൈന ബാനു പരാതിയുമായി ഉദയ്പുർ മജിസ്ട്രേറ്റിനെ സമീപിച്ചു. തെൻറ മറ്റു രണ്ട് മക്കളെയും ബന്ധുവിനെയും പൊലീസ് അനധികൃതമായി കസ്റ്റഡിയിൽ എടുത്തുവെന്നായിരുന്നു അവരുടെ പരാതി. സൊഹ്റാബുദ്ദീൻ-പ്രജാപതി കേസിൽ ഉന്നത അധികാരികൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഖാൻ കോടതിയിൽ പറയാമെന്ന് സമ്മതിച്ചാൽ മാത്രമേ ഇവരെ വിട്ടയക്കൂവെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി അവർ പറഞ്ഞു. അനുസരിച്ചില്ലെങ്കിൽ ഖാനും കൊല്ലപ്പെടുമെന്ന് പൊലീസ് പറഞ്ഞു. തെൻറ മറ്റു മക്കളായ അഖ്തർ, അസ്ലം എന്നിവർക്ക് യാതൊരു നിയമവിരുദ്ധ പ്രവർത്തനങ്ങളുമുണ്ടായിരുന്നില്ലെന്ന് മാതാവ് പറഞ്ഞു.
ഇപ്പോൾ ഖാെൻറ സുരക്ഷ സംബന്ധിച്ചാണ് തങ്ങളുടെ ആശങ്കയെന്ന് ഭാര്യ റിസ്വാന പറഞ്ഞു. ഖാനെ അജ്മീർ ജയിലിലേക്ക് െകാണ്ടുപോകാൻ പൊലീസ് ശ്രമിക്കുന്നുണ്ട്. ഇൗ യാത്രയിൽ അദ്ദേഹത്തെ കൊലപ്പെടുത്താനാണ് പദ്ധതിയെന്ന് ഭാര്യ ആരോപിച്ചു. ജയിലിൽനിന്ന് കോടതിയിലേക്ക് കൊണ്ടുവരുേമ്പാൾ തനിക്ക് ൈകയാമം വെക്കണമെന്ന് ഖാൻ തന്നെ കോടതിയോട് അഭ്യർഥിച്ചിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കവെ കൊലപ്പെടുത്തി എന്ന വാദം പൊലീസ് ഉന്നയിക്കാതിരിക്കാനായിരുന്നു ഇത്. വൻസാര നിലവിൽ ഗുജറാത്ത് രാഷ്ട്രീയക്കാരുടെ ഇഷ്ടക്കാരനല്ല. അതുകൊണ്ട് ഇൗ കേസുകളിൽ അയാളെ ബലിയാടാക്കാനുള്ള സാധ്യത ഏറെയാണ്. ഖാന് അറിയാവുന്ന കാര്യങ്ങൾ അയാൾ വെളിപ്പെടുത്തിയാൽ, ഉന്നത പൊലീസുകാർ മുതൽ രാഷ്ട്രീയക്കാർ വരെ കുടുങ്ങുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.