കല്യാണം, പാർട്ടി പരിപാടി, പ്രചാരണം: ഹിമന്ത ബിശ്വ ശർമ ചാർട്ടേഡ് വിമാനത്തിൽ പറന്നതുവഴി അസമിന് നഷ്ടം കോടികൾ
text_fieldsഗുവാഹതി/ന്യൂഡൽഹി: ബി.ജെ.പിയുടെ പ്രചാരണത്തിന് കോടികളുടെ സംസ്ഥാന ഫണ്ട് ദുരുപയോഗം ചെയ്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സംസ്ഥാനത്തിനകത്തും പുറത്തും ഹെലികോപ്ടർ, ചാർട്ടേഡ് വിമാന ഉപയോഗത്തിനായി ഈയിനത്തിൽ വൻ തുകയാണ് ചെലവഴിച്ചത്. വിവരാവകാശ പ്രകാരം നൽകിയ അപേക്ഷയിൽ അസം സർക്കാർ തന്നെയാണ് ഈ കാര്യം അറിയിച്ചത്. ഇത് പ്രഥമദൃഷ്ട്യ തെരഞ്ഞെടുപ്പ് കമീഷന്റെ പെരുമാറ്റചട്ട ലംഘനമാണ്. ‘ദ വയറി’ലാണ് ഇതു സംബന്ധിച്ച് റിപ്പോർട്ടുള്ളത്.
‘ദ ക്രോസ് കറന്റ്’ ആണ് കഴിഞ്ഞ വർഷം ആഗസ്റ്റ് 26ന് ആർ.ടി.ഐ അപേക്ഷ നൽകിയത്. ഇതിലുള്ള മറുപടി പ്രകാരം ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ശർമ കല്യാണങ്ങളിലും പാർട്ടി യോഗങ്ങളിലും പങ്കെടുക്കാൻ നിരവധി തവണയാണ് ചാർട്ടേഡ് വിമാനം ഏർപ്പാടാക്കിയത്. സെപ്റ്റംബറിൽ ചാർട്ടേഡ് വിമാന ഉപയോഗം സംബന്ധിച്ച് ശർമ സർക്കാർ നിയമസഭയിൽ പറഞ്ഞത്, സർക്കാർ പദ്ധതികളുടെ ആവശ്യാർഥം മാത്രമാണ് ഇത്തരത്തിൽ വിമാനം ഏർപ്പാടാക്കിയത് എന്നാണ്. ആദ്യം സംസ്ഥാനത്തിന്റെ പൊതുഭരണ വിഭാഗം ആർ.ടി.ഐ അപേക്ഷ അവഗണിച്ചു. പിന്നീട് അപേക്ഷകർ നൽകിയ അപ്പീൽ പ്രകാരം സംസ്ഥാന വിവരാവകാശ കമീഷൻ നിർദേശം നൽകിയതു പ്രകാരമാണ് പ്രാഥമിക വിവരങ്ങൾ കിട്ടിയത്.
അസം ടൂറിസം ഡെവലപ്മെന്റ് കോർപറേഷന് (എ.ടി.ഡി.സി)ക്ക് ചാർട്ടേഡ് വിമാനം വാടകക്കെടുത്തതുമായി ബന്ധപ്പെട്ട് നൽകിയ മറ്റൊരു അപേക്ഷയിൽ ഇതുവരെ മറുപടി കിട്ടിയിട്ടുമില്ല. ഇത് ആർ.ടി.ഐ നിയമപ്രകാരം കുറ്റകരമാണ്. അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് ചട്ടം. സഖ്യകക്ഷികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അഞ്ചു തവണയെങ്കിലും ശർമ സർക്കാർ ചെലവിൽ കോപ്ടറുകൾ ഉപയോഗിച്ചതായി അദ്ദേഹത്തിന്റെ സ്വന്തം സമൂഹ മാധ്യമങ്ങളിൽ തെളിവുണ്ട്. തമുൽപുർ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സഖ്യകക്ഷിയായ യു.പി.പി.എൽ സ്ഥാനാർഥിയുടെ പ്രചാരണാർഥം 2021 ഒക്ടോബർ 17നാണ് ശർമ കോപ്ടറിൽ, സർക്കാർ ചെലവിൽ എത്തിയത്. ഇങ്ങനെ ഓരോ തവണയുള്ള യാത്രയും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിന് ഉൾപ്പെടെ, സംസ്ഥാനത്തിന് പുറത്തേക്കും പ്രചാരണത്തിനായി സർക്കാർ ചെലവിൽ ശർമ പറന്നു. ത്രിപുരയിൽ മണിക് സാഹ പത്രിക നൽകുന്ന വേളയിൽ പങ്കെടുക്കാൻ 2023 ജനുവരി 30ന് ശർമ എത്തിയത് ചാർട്ടേഡ് വിമാനത്തിലാണ്. പാർട്ടിയുടെ താര പ്രചാരകനാണ് ശർമ, ബി.ജെ.പി ഉന്നത നേതൃത്വത്തിന്റെ അടുപ്പക്കാരനും. കർണാടക, ഛത്തിസ്ഗഢ്, രാജസ്ഥാൻ, തെലങ്കാന തെരഞ്ഞെടുപ്പുകളിലും ഇദ്ദേഹം സർക്കാർ പണം ഉപയോഗിച്ച് ചാർട്ടേഡ് വിമാനത്തിൽ എത്തിയിട്ടുണ്ട്.
ഹൈദരാബാദിലുൾപ്പെടെ നടന്ന ബി.ജെ.പി നേതൃയോഗങ്ങളിൽ പങ്കെടുക്കാനും ശർമ എത്തിയത് ഇതേ രീതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.