മുസ്‍ലിം വിവാഹം, വിവാഹമോചനം; രജിസ്ട്രേഷൻ നിർബന്ധമാക്കി അസം
text_fieldsഗുവാഹതി: അസമിൽ മുസ്‍ലിംകളുടെ വിവാഹം, വിവാഹ മോചനം എന്നിവ സർക്കാറിന് കീഴിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാക്കുന്ന ബിൽ നിയമസഭ പാസാക്കി. അസം കംപൽസറി രജിസ്ട്രേഷൻ ഓഫ് മുസ്‍ലിം മാര്യേജസ് ആൻഡ് ഡിവോഴ്സസ് ബിൽ എന്ന് പേരിട്ട ബിൽ ചൊവ്വാഴ്ചയാണ് നിയമസഭയിൽ അവതരിപ്പിച്ചത്.
18 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ വിവാഹം തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമംകൊണ്ടുവരുന്നതെന്ന് മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ പറഞ്ഞു. അടുത്ത ലക്ഷ്യം മുസ്‍ലിംകളിലെ ബഹുഭാര്യത്വം ഇല്ലാതാക്കലാണെന്നും അദ്ദേഹം ‘എക്സി’ൽ വ്യക്തമാക്കി. അതേസമയം, ബി.ജെ.പി സർക്കാറിന്റെ നീക്കം ഏക സിവിൽ കോഡിലേക്കുള്ള ചവിട്ടുപടിയാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ, 1935ലെ അസം മുസ്‍ലിം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമം ഇല്ലാതാകും. ഈ നിയമമനുസരിച്ച് നിശ്ചയിക്കപ്പെട്ട ഖാദിമാർ മുമ്പാകെയാണ് മുസ്‍ലിംകൾ വിവാഹവും വിവാഹ മോചനവും രജിസ്റ്റർ ചെയ്യേണ്ടത്. ഇതിന് നിയമപരമായ സാധുതയുമുണ്ടായിരുന്നു.
എന്നാൽ, ഇതുവഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹം നടക്കുന്നുവെന്നാരോപിച്ചാണ് സർക്കാർ പുതിയ നിയമത്തെക്കുറിച്ച് ആലോചിച്ചത്. സർക്കാറിന്റെ നീക്കം അപലപനീയമാണെന്നും ബി.ജെ.പിയുടെ ന്യൂനപക്ഷ വിരുദ്ധതയുടെ തുടർച്ചയാണിതെന്നും പ്രതിപക്ഷം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.