ഇന്ത്യൻ പൗരത്വം തെളിയിക്കാൻ നിയമപരമായി പോരാടിയ അസം സ്വദേശി ജീവനൊടുക്കി
text_fieldsഗുവാഹത്തി: ദേശീയ പൗരത്വ രജിസ്റ്ററിൽ (എൻ.ആർ.സി) പേര് വന്നിട്ടും ഇന്ത്യൻ പൗരത്വം തെളിയിക്കാൻ വിദേശ ട്രൈബ്യൂണലിൽ പോരാടേണ്ടി വന്ന അസം സ്വദേശി ജീവനൊടുക്കി. മോറിഗാവ് ജില്ലയിൽ നിന്നുള്ള മണിക് ദാസ് എന്ന 60 കാരനാണ് ആത്മഹത്യ ചെയ്തത്. ജാഗി റോഡിലെ മാർക്കറ്റിൽ കച്ചവടം നടത്തി വരികയായിരുന്നു ദാസ്.
'വർഷങ്ങളായി കേസ് നടക്കുന്നുണ്ട്. എന്തിനാണ് പൊലീസ് അദ്ദേഹത്തിന് നോട്ടീസ് അയച്ചതെന്നും കേസെടുത്തതെന്നും അറിയില്ല. എൻ.ആർ.സിയിൽ അച്ഛന്റെയും ഞങ്ങളുടെയും പേരുണ്ട്. നിരാശനായിരുന്ന അദ്ദേഹം കടുത്ത മാനസിക സമ്മർദത്തിലായിരുന്നു'-ദാസിന്റെ പ്രായപൂർത്തിയാകാത്ത മകൾ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.
2019 ആഗസ്റ്റിൽ അസം എൻ.ആർ.സി പ്രസിദ്ധീകരിച്ച് മാസങ്ങൾക്ക് ശേഷം 2019 നവംബർ 20നാണ് ദാസിന് ഫോറിനേഴ്സ് ട്രൈബ്യൂണൽ നോട്ടീസ് നൽകിയത്. അതിൽ ദാസിന്റെയും കുടുംബത്തിന്റെയും പേര് ഉൾപ്പെടുത്തിയിരുന്നു.
പിതാവിന്റെ പേരിൽ പാൻ കാർഡ്, ആധാർ കാർഡ്, ഭൂമി രേഖകൾ തുടങ്ങി സാധുവായ എല്ലാ നിയമപരമായ തിരിച്ചറിയൽ രേഖകളും ഉണ്ടായിരുന്നുവെന്നും മകൾ അവകാശപ്പെട്ടു.
ദാസിനെ ഞായറാഴ്ച കാണാതായെന്നും ചൊവ്വാഴ്ച വൈകുന്നേരമാണ് മൃതദേഹം കണ്ടതെന്നും പൊലീസ് പറഞ്ഞു. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടിയില്ലെന്നും അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഭാര്യ, രണ്ട് ആൺമക്കൾ, മകൾ എന്നിവർക്കൊപ്പമായിരുന്നു ദാസ് കഴിഞ്ഞ് വന്നിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.