ജലനിരപ്പ് 100 അടിക്ക് മുകളിൽ, മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി; അസം ഖനിയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ നാവികസേന മുങ്ങൽ വിദഗ്ധരും രംഗത്ത്
text_fieldsഗുവാഹതി: അസമിലെ ദിമ ഹസാവോ ജില്ലയിൽ കൽക്കരി ഖനിയിൽ കുടുങ്ങിയ ഒമ്പത് തൊഴിലാളികളിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ശേഷിക്കുന്നവരെ രക്ഷിക്കാൻ നാവികസേന മുങ്ങൽ വിദഗ്ധർ എത്തി. ഖനിയിൽ ജലനിരപ്പ് 100 അടിയെത്തിയ സാഹചര്യത്തിലാണ് നാവികസേനയുടെ സഹായം തേടിയത്. 300 അടി താഴ്ചയുള്ള ഖനിയിൽ തിങ്കളാഴ്ച പൊടുന്നനെ വെള്ളം ഇരച്ചെത്തിയതിനെതുടർന്നാണ് തൊഴിലാളികൾ കുടുങ്ങിയത്. 15 പേർ ഖനിയിലുണ്ടെന്നാണ് തൊഴിലാളികൾ പറയുന്നത്. അതേസമയം, അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കരസേനയുടെയും അസം റൈഫിൾസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം തുടരുന്നത്. ഇതിന് പുറമെയാണ് വിശാഖപട്ടണത്തുനിന്ന് നാവികസേന മുങ്ങൽ വിദഗ്ധരും എത്തിയത്. ചൊവ്വാഴ്ചയാണ് മൂന്ന് മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. എന്നാൽ, മൃതദേഹങ്ങൾ പുറത്തെത്തിക്കാനായിട്ടില്ല. അസം, പശ്ചിമ ബംഗാൾ, നേപ്പാൾ എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികളാണ് ഖനിയിലുണ്ടായിരുന്നത്.
അതേസമയം, അനധികൃതമായാണ് ഖനി പ്രവർത്തിച്ചിരുന്നതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ഖനി, ധാതു നിയമപ്രകാരം കേസെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്.
അസമിലെ വിദൂര മലയോര ജില്ലയായ ദിമ ഹസാവോ ദുർഘടമായ കൽക്കരി ഖനനത്തിന്റെ കേന്ദ്രമാണ്. ഭൂമിക്കടിയിലേക്ക് ഇടുങ്ങിയ തുരങ്കമുണ്ടാക്കി കൽക്കരി ഖനനം ചെയ്യുന്ന രീതി ഇവിടെ വ്യാപകമാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഇത്തരം ഖനികളിൽ അപകടങ്ങളും പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.