ബട്ടദ്രവ സത്രം സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെ തടഞ്ഞ് അസം പൊലീസ്; റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം
text_fieldsനഗൗവ്: അസമിലെ വൈഷ്ണവ പണ്ഡിതനായ ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമായ ബട്ടദ്രവ സത്രത്തിൽ പ്രണാമം അർപ്പിക്കാനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പൊലീസ് തടഞ്ഞു. നഗൗവ് ജില്ലയിലെ ബട്ടദ്രവ സത്രത്തിന് മുമ്പിൽ വെച്ച് രാവിലെ എട്ടു മണിയോടെയാണ് രാഹുലിനെ ബാരിക്കേഡ് സ്ഥാപിച്ച് അസം പൊലീസ് തടഞ്ഞത്.
അസം പൊലീസ് പൊലീസിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. നിരവധി കോൺഗ്രസ് പ്രവർത്തകർ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്. ക്ഷേത്ര സന്ദർശനത്തിന് അനുമതി ലഭിക്കാതെ മടങ്ങിപോകില്ലെന്നാണ് രാഹുലിന്‍റെ നിലപാട്. സത്ര സന്ദർശനത്തിന് അനുമതി ലഭിച്ചിട്ടും കടത്തിവിടുന്നില്ലെന്നും സന്ദർശനം നിഷേധിക്കാൻ താൻ എന്ത് തെറ്റ് ചെയ്തെന്നും രാഹുൽ മാധ്യമങ്ങളോട് ചോദിച്ചു.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ഇന്ന് രാഹുൽ ഗാന്ധി ബട്ടദ്രവ സത്രം സന്ദർശിക്കുമെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സത്രം സന്ദർശിക്കാൻ മാനേജ്മെന്‍റ് കമ്മിറ്റി അനുമതി നൽകുകയും ചെയ്തു.
എന്നാൽ, രാഹുൽ ഗാന്ധി ബട്ടദ്രവ സത്രം സന്ദർശിക്കരുതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഇന്നലെ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് രാവിലത്തെ സന്ദർശനത്തിന് അനുമതി നിഷേധിച്ച മാനേജ്മെന്‍റ് കമ്മിറ്റി, ഉച്ചക്ക് മൂന്നു മണിക്ക് ശേഷം സത്രം സന്ദർശിക്കാമെന്ന് അറിയിക്കുകയും ചെയ്തു.
മാനേജ്മെന്‍റ് കമ്മിറ്റിയുടെ ഈ തീരുമാനത്തിന് പിന്നിൽ ബി.ജെ.പിയുടെ സമ്മർദമാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് രാവിലെ സന്ദർശനത്തിനായി രാഹുൽ സത്ര കവാടത്തിൽ എത്തിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ജനറൽ സെക്രട്ടറി ജയ്റാം രമേശ് എന്നിവർ രാഹുലിനൊപ്പം ഉണ്ടായിരുന്നു.
രാഹുൽ ഗാന്ധി ബട്ടദ്രവ സത്രം സന്ദർശിക്കരുതെന്നും അനാവശ്യ മത്സരം സൃഷ്ടിക്കരുതെന്നുമാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഇന്നലെ ആവശ്യപ്പെട്ടത്. അത് അസമിന് ദുഃഖമുണ്ടാക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
രാമക്ഷേത്ര പ്രതിഷ്ഠ സമയത്ത് ഒട്ടേറെ ഭക്തരെത്തും അതിനാൽ ബട്ടദ്രവ സത്രം സന്ദർശിക്കാൻ കഴിയില്ലെന്നുമാണ് മാനേജ്മെന്‍റ് കമ്മിറ്റി ഇന്നലെ വ്യക്തമാക്കിയത്. പ്രതിഷ്ഠയുടെ ഭാഗമായി നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.