ക്രൈസ്തവ സ്‌കൂളുകളിലെ കുരിശും യേശുരൂപവും നീക്കണമെന്ന് ഹിന്ദുത്വ സംഘടനയുടെ അന്ത്യശാസനം: ‘അല്ലെങ്കിൽ ഞങ്ങൾ ചെയ്യേണ്ടത് ചെയ്യും’ -VIDEO
text_fieldsഗുവാഹത്തി: സംസ്ഥാനത്ത് ക്രൈസ്തവർ നടത്തുന്ന സ്‌കൂളുകളിലെ യേശു ക്രിസ്തുവിന്റെയും കന്യാമറിയത്തിന്റെയും രൂപങ്ങളും കുരിശും ഉടൻ മാറ്റണമെന്ന് യുവമോർച്ച മുൻ സംസ്ഥാന നേതാവിന്റെ നേതൃത്വത്തിലുള്ള തീവ്രഹിന്ദുത്വ സംഘടനയുടെ അന്ത്യശാസനം. കുടുംബ സുരക്ഷാ പരിഷത് പ്രസിഡന്റ് സത്യരഞ്ജൻ ബറുവ ദിസ്പൂർ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഭീഷണിപ്പെടുത്തിയത്.
സ്കൂളുകളിൽ ജോലിചെയ്യുന്ന വൈദികരും കന്യാസ്ത്രീകളും സഭാ വസ്ത്രങ്ങൾ ധരിക്കരുതെന്നും സ്‌കൂളിൽ ക്രൈസ്തവ പ്രാർഥന പാടില്ലെന്നും ഇവർ തിട്ടൂരമിറക്കിയിട്ടുണ്ട്. 15 ദിവസത്തിനകം ആവശ്യങ്ങൾ നടപ്പാക്കണമെന്നാണ് മുന്നറിയിപ്പ്. അല്ലെങ്കിൽ തങ്ങൾ വേണ്ടതു ചെയ്യുമെന്നും അതിന്റെ ഉത്തരവാദിത്വം സ്ഥാപന അധികൃതർക്കായിരിക്കുമെന്നും സംഘടന ഭാരവാഹികൾ പറഞ്ഞു. ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായി ക്രൈസ്തവ സ്കൂളുകൾ സന്ദർശിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘ക്രിസ്ത്യൻ മിഷനറിമാർ സ്‌കൂളുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മതസ്ഥാപനങ്ങളാക്കി മാറ്റുകയാണ്. ഞങ്ങൾ അത് അനുവദിക്കില്ല. 10 -15 ദിവസം ഞങ്ങൾ അവരെ നിരീക്ഷിക്കും, അതിനുശേഷം ഞങ്ങൾ ചെയ്യേണ്ടത് ചെയ്യും. എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ അവരായിരിക്കും ഉത്തരവാദികൾ. ഞങ്ങൾ ഇത് വെറുതെ വിടില്ല. എന്ത് ചെയ്യുമെന്ന് ഞങ്ങൾ പറയുന്നില്ല. 10 വയസ്സുള്ള കുട്ടിക്ക് സ്‌കൂൾ കാമ്പസിൽ ജയ് ശ്രീറാം വിളിക്കാൻ കഴിയുന്നില്ലെങ്കിൽ, അവിടെ യേശുവിനെയും മറിയത്തെയും കുറിച്ച് പ്രസംഗിക്കാൻ എങ്ങനെയാണ് അനുവദിക്കുക?” സത്യരഞ്ജൻ ബറുവ പറഞ്ഞു.
സ്കൂളുകളിൽ അച്ഛനും കന്യാസ്ത്രീകളും മതപരമായ വസ്ത്രങ്ങൾ ധരിക്കരുതെന്ന് ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു. അവർ സാധാരണ വസ്ത്രം ധരിക്കണം. സ്‌കൂൾ സമുച്ചയത്തിൽ നിന്ന് യേശുവിന്റെയും മറിയത്തിന്റെയും കുരിശിന്റെയും രൂപങ്ങൾ നീക്കം ചെയ്യണം. സ്‌കൂൾ കോംപ്ലക്‌സുകളിൽ നിന്ന് പള്ളികൾ മാറ്റണം. സ്‌കൂളുകളിലെ പ്രാർത്ഥനകളും നീക്കം ചെയ്യണം. വിദ്യാഭ്യാസ സ്ഥാപനങ്ങളെ മതസ്ഥാപനങ്ങളാക്കി മാറ്റുന്നത് ഞങ്ങൾ വച്ചുപൊറുപ്പിക്കില്ല. ആവശ്യമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കും -ബറുവ മുന്നറിയിപ്പ് നൽകി.
‘ഭരണഘടനയുടെ ഏത് വ്യവസ്ഥ പ്രകാരമാണ് അവർ സ്‌കൂളിൽ ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത്? സനാതന ധർമ്മത്തിന്റെ ദാർശനികാടിത്തറയിൽ രൂപകല്പന ചെയ്ത സമത്വ പൂർണമായ നാടാണ് ഇന്ത്യ. ദൗർഭാഗ്യവശാൽ, ചില വിദേശ സിദ്ധാന്തങ്ങൾ രാഷ്ട്രത്തിൻ്റെ ഭരണഘടനാ മൂല്യങ്ങൾ ലംഘിക്കുകയും പുരാതന പൈതൃക സംസ്‌കാരം, സാമൂഹിക ആചാരങ്ങൾ, ഐക്യം എന്നിവയെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു. സംസ്ഥാനത്തിൻ്റെ അംഗീകാരം ആവശ്യമുള്ള സ്വകാര്യ സ്കൂളുകൾ ഒരു മതത്തെ മറ്റുള്ളവയെക്കാൾ പ്രോത്സാഹിപ്പിക്കരുത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരു പ്രത്യേക മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നത് ഭരണഘടനയുടെ മതേതര സ്വഭാവത്തെ ധിക്കരിക്കുകയും ഭരണഘടനാ മൂല്യങ്ങളെയും ധാർമ്മികതയെയും നിഷേധിക്കുകയും ചെയ്യുന്നതിന് തുല്യമാണ്.
ഇന്ത്യയിലെ ക്രിസ്ത്യൻ മിഷനറിമാർ ഭരിക്കുന്ന സ്കൂളുകളിലും കോളജുകളിലും മതപരമായ ആചാരങ്ങൾ കണ്ടുവരുന്നു. ക്രിസ്ത്യൻ മിഷനറീസ് സ്‌കൂളിലെ അധ്യാപകരുടെ വേഷവിധാനം, സ്ഥാപനങ്ങളിൽ യേശുക്രിസ്തുവിന്റെയും മറിയത്തിന്റെയും വിഗ്രഹങ്ങളും കുരിശടയാളവും സ്ഥാപിക്കുന്നത്, കാമ്പസിനുള്ളിൽ പള്ളികളുടെ സാന്നിധ്യം എന്നിവ പ്രത്യേക മതപരമായ ആചാരമാണ്.
വിദ്യാഭ്യാസം നൽകുന്നതിൻ്റെ പേരിൽ ക്രിസ്തുമതം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ക്രിസ്ത്യൻ മിഷനറിമാരുടെ ഈനീക്കം നിർത്തണം. ഇന്ത്യൻ മൂല്യങ്ങളും ജീവിതത്തിൻ്റെ അന്തസ്സും സംരക്ഷിക്കുന്നതിനായി ഈ വിഷയം അടിയന്തരമായി പരിശോധിക്കണമെന്ന് ഇന്ത്യൻ പ്രസിഡൻ്റിനോടും പ്രധാനമന്ത്രിയോടും ബന്ധപ്പെട്ട മന്ത്രാലയങ്ങളോടും ശക്തമായി അഭ്യർഥിക്കുന്നു’ -സത്യരഞ്ജൻ ബറുവ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ഭാരത് രക്ഷ മഞ്ച് ഓർഗനൈസിങ് സെക്രട്ടറി സുജിത് പഥക്, ജാഗ്രതാ പ്രഹാരി പ്രസിഡൻറ് ഹിതു ഭട്ട്, ഗുണജിത് ദാസ്, ശ്രീറാം സേവാ വാഹിനി നേതാവ് മനോജ് ദേക, സനാതൻ ഹിന്ദു ആർമി നേതാവ് ലിമ മഹന്ത, ബിശ്വ ഹിന്ദു മഹാസംഘ നേതാവ് സുനിൽ സിങ്, ഹിന്ദു സുരക്ഷാ സേന ഭാരവാഹി രാധാദേവി, കുടുംബ സുരക്ഷാ പരിഷത്ത് നേതാവ് ദീപാങ്കർ നാഥ് എന്നിവരും പങ്കെടുത്തു.
കത്തോലിക്കാ സഭയുടെ കീഴിൽ മാത്രം 250ൽ അധികം സ്കൂളുകൾ ആസാമിലുണ്ട്. മറ്റു ക്രൈസ്തവ വിഭാഗങ്ങളും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. മലയാളി വൈദികരടക്കം നിരവധി പേർ ഇവിടങ്ങളിൽ സേവനമനുഷ്ടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.