വിവാഹ നിയമം റദ്ദാക്കൽ: അസമിൽ മുസ്ലിം വേട്ടക്ക് പുതിയ മുഖം
text_fieldsഅസമിൽ മുസ്ലിം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമം റദ്ദാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന് വിലയിരുത്തൽ. ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ സംസ്ഥാനത്ത് ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് മുന്നോടിയായിട്ടാണ് ഓർഡിനൻസിലൂടെ, മുസ്ലിം വ്യക്തിനിയമത്തിൽ സുപ്രധാനമായ വിവാഹ നിയമം റദ്ദാക്കിയതെന്ന് വ്യക്തം. എന്നാൽ, അതിനപ്പുറം പ്രഹരശേഷിയുള്ളതാണ് ഈ നടപടിയെന്ന് നിയമവിദഗ്ധരും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. ഹിമന്ത അധികാരത്തിലേറിയശേഷമുള്ള മുസ്ലിം വേട്ടയുടെ പുതിയ മുഖമായും ഈ നീക്കത്തെ കാണുന്നവരുണ്ട്.
സംസ്ഥാനത്ത് ബാലവിവാഹത്തിന് അറുതിവരുത്തുകയും അതുവഴി മാതൃമരണങ്ങൾ കുറക്കുകയുമാണ് വിവാഹനിയമം റദ്ദാക്കൽ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സംസ്ഥാന സർക്കാറിന്റെ വാദം. 2022ലെ, ദേശീയ കുടുംബ-ആരോഗ്യ സർവേ റിപ്പോർട്ട് പ്രകാരം അസമിൽ ബാലവിവാഹം ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. അസമിലെ മൂന്നിലൊന്ന് സ്ത്രീകളും 18 വയസ്സിന് മുമ്പേതന്നെ വിവാഹിതരാകുന്നുവെന്നാണ് സർവേയിൽ പറയുന്നത്. ദേശീയതലത്തിൽ ഇത് നാലിലൊന്നാണ്. സർവേ ഫലം പുറത്തവന്നയുടൻ തന്നെ, ബാലവിവാഹം ഇല്ലാതാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഹിമന്ത ബിശ്വ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായി, സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ബാലവിവാഹങ്ങൾക്കെതിരെ കർശന നടപടിക്ക് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇത് കൂട്ട അറസ്റ്റിലേക്കാണ് നയിച്ചത്. 2023 ഫെബ്രുവരിയിൽ മാത്രം 4200 കേസുകൾ രജിസ്റ്റർ ചെയ്തു; മൂവായിരത്തിലധികം പേരെ ബാല വിവാഹ നിരോധന നിയമം, പോക്സോ എന്നീ നിയമങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു. അഞ്ചും ആറും വർഷങ്ങൾക്ക് മുമ്പുനടന്ന വിവാഹങ്ങളുടെ പേരിലും കേസും അറസ്റ്റും അരങ്ങേറി. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ 69 ശതമാനവും മുസ്ലിംകളായിരുന്നു.
ഇതിൽ നൂറിലധികം സ്ത്രീകളുമുണ്ടായിരുന്നു. അറസ്റ്റിനൊപ്പം, പിടികൂടപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതടക്കമുള്ള നടപടികളുമുണ്ടായി. ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാലാണ് അസമിൽ ഇത്രയും വലിയ അളവിൽ ബാലവിവാഹം നടക്കുന്നതെന്ന് നേരത്തെതന്നെ വ്യക്തമായിട്ടുള്ളതാണ്. എന്നാൽ, അതൊന്നും കണക്കിലെടുക്കാതെയുള്ള ഏകപക്ഷീയ നടപടി വലിയ വിമർശനങ്ങൾക്കിടയാക്കി; നീതിപീഠവും സർക്കാർ നിലപാടിനെ എതിർത്തതോടെ തൽക്കാലത്തേക്കെങ്കിലും നടപടി നിർത്തിവെക്കാൻ സർക്കാർ നിർബന്ധിതരായി. എന്നാൽ, ഒമ്പത് മാസങ്ങൾക്കിപ്പുറം കൂടുതൽ പ്രഹരശേഷിയുള്ള ആയുധവുമായിട്ടാണ് വിഷയത്തിൽ ഹിമന്ത എത്തിയിരിക്കുന്നത്. മുസ്ലിം വിവാഹ നിയമം റദ്ദാക്കപ്പെട്ടതോടെ, ഇനി സ്പെഷൽ മാരേജ് ആക്ട് പ്രകാരമായിരിക്കണം മുസ്ലിംകൾ വിവാഹം രജിസ്റ്റർ ചെയ്യേണ്ടത്. വിവാഹത്തിന് ഒരുമാസം മുമ്പേതന്നെ രജിസ്റ്റർ നടപടികൾ ആരംഭിക്കേണ്ടതുണ്ട്. അതിനായി വിവിധ രേഖകളും സമർപ്പിക്കണം.
അസമിലെ പ്രത്യേക സാഹചര്യത്തിൽ മുസ്ലിംകളെ സംബന്ധിച്ച് ഇത് അത്ര എളുപ്പമായിരിക്കില്ല. പൗരത്വ രജിസ്റ്ററിൽനിന്ന് (എൻ.ആർ.സി) ലക്ഷക്കണക്കിന് ആളുകൾ പുറത്തുപോയത് ഈ സങ്കീർണത മൂലമാണ്. ഇത് വിവാഹ രജിസ്ട്രേഷനിലും ആവർത്തിക്കുന്നതോടെ സംസ്ഥാനത്തെ മിയ മുസ്ലിം വിഭാഗം അടക്കമുള്ളവർ കൂടുതൽ അനിശ്ചിതത്വത്തിലേക്ക് നീങ്ങും. ഹിമന്ത അധികാരത്തിലേറിയ ശേഷം, സംസ്ഥാനത്തെ മുസ്ലിം വിഭാഗങ്ങളെ ലക്ഷ്യമിട്ട് ഇതിനകം തന്നെ പല നീക്കങ്ങളും സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. അനധികൃതമായി താമസിക്കുന്നുവെന്നാരോപിച്ച് പല മുസ്ലിം ഭൂരിപക്ഷ കേന്ദ്രങ്ങളിലും ബുൾഡോസർ രാജ് കഴിഞ്ഞ രണ്ടുവർഷത്തിനിടെ അരങ്ങേറിയിരുന്നു. ഇക്കാലത്തിനിടയിൽ 4500ഓളം കുടുംബങ്ങളാണ് കുടിയിറക്കപ്പെട്ടത്. മദ്റസകളിൽ അറബിയും ഉർദുവും പഠിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തി അവയെ മിഡിൽ സ്കൂളുകളായി പരിവർത്തിപ്പിച്ചതും വലിയ വിവാദമായിരുന്നു. ഇത്തരം മുസ്ലിം വിരുദ്ധ നീക്കത്തിന്റെ തുടർച്ചയായിട്ടാണ് വിവാഹ നിയമം റദ്ദാക്കിയ നടപടിയും വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.