മതം അനുവദിച്ചാൽ പോലും സർക്കാരിന്റെ സമ്മതമില്ലാതെ രണ്ടാമത് വിവാഹം കഴിക്കരുത് -അസം മുഖ്യമന്ത്രി
text_fieldsഗുവാഹതി: ഭാര്യ ജീവിച്ചിരിപ്പുണ്ടെങ്കിൽ സർക്കാർ ജീവനക്കാർ രണ്ടാമത് വിവാഹം കഴിക്കുന്നത് വിലക്കി അസം സർക്കാർ. വ്യക്തിപരമായ നിയമങ്ങൾ അനുകൂലമാണെങ്കിലും സർക്കാരിന്റെ അനുമതിയില്ലായെ രണ്ടാംവിവാഹം കഴിക്കരുതെന്നാണ് ഉത്തരവ്. മതം അനുവദിക്കുന്നുണ്ടെങ്കിൽ കൂടി രണ്ടാംവിവാഹത്തിന് സർക്കാരിന്റെ അനുമതി വേണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ശർമ ചൂണ്ടിക്കാട്ടി. എന്നാൽ ഹിമന്ത ശർമ ഏതെങ്കിലും മതവിഭാഗത്തെ ഇക്കാര്യത്തിൽ പരാമർശിച്ചില്ല.
''നിങ്ങളുടെ മതം രണ്ടാം വിവാഹം അനുവദിക്കുന്നുണ്ടെങ്കിലും സർക്കാരിന്റെ അനുമതി ഇക്കാര്യത്തിൽ അത്യാവശ്യമാണ്.''-ഹിമന്ത വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഈ മാസം 20നാണ് സർക്കാർ ഉത്തരവിറക്കിയത്.
ജീവിച്ചിരിക്കുന്ന ഭാര്യയുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥനും സർക്കാരിന്റെ അനുമതി വാങ്ങാതെ മറ്റൊരു വിവാഹം കഴിക്കരുത് എന്നാണ് ഉത്തരവിൽ പറയുന്നത്. ഉത്തരവ് പെട്ടെന്ന് തന്നെ നടപ്പാകും.
സർക്കാർ ജീവനക്കാർ മരണപ്പെടുമ്പോൾ ഭർത്താവിന്റെ പെൻഷന് വേണ്ടി വിധവകളായ ഭാര്യമാർ കഷ്ടപ്പെടുന്ന നിരവധി കേസുകളുണ്ടെന്നും ഹിമന്ത ശർമ പറഞ്ഞു. സമാനരീതിയിൽ ഭർത്താവ് ജീവിച്ചിരിക്കെ, സർക്കാർ ജീവനക്കാരിയായ ഭാര്യയും രണ്ടാം വിവാഹം കഴിക്കരുതെന്നും നിഷ്‍കർഷിച്ചിട്ടുണ്ട്. ബഹുഭാര്യത്വം നിരോധിക്കുമെന്ന് നേരത്തേ ഹിമന്ത ശർമ പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച് പൊതുജനം അഭിപ്രായം പറയണമെന്നും ആവശ്യപ്പെടുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.