തീവ്രവാദ ബന്ധം ആരോപിച്ച് അസമിൽ വീണ്ടും മദ്രസ തകർത്തു; ഒരു മാസത്തിനിടെ മൂന്നാമത്
text_fieldsഗുവാഹതി: അസമിലെ ബൊംഗായ്ഗാവിൽ മദ്രസ തകർത്തു. 'കെട്ടിടം തകർച്ചയിലാണെന്നും ആളുകൾക്ക് കഴിയാൻ സുരക്ഷിതമല്ലെ'ന്നും ചൂണ്ടിക്കാട്ടിയാണ് ബുൾഡോസർ ഉപയോഗിച്ച് മദ്രസ തകർത്തത്. തീവ്രവാദ സംഘടനകൾക്ക് മതസ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആരോപിച്ചതിന് പിന്നാലെ ഒരു മാസത്തിനിടെ തകർക്കുന്ന മൂന്നാമത്തെ മദ്രസയാണിത്.
അൽഖാഇദ ബന്ധമാരോപിക്കുന്ന ബംഗ്ലാദേശ് ആസ്ഥാനമായ തീവ്രവാദ സംഘടനയുമായുള്ള ബന്ധത്തിന്റെ പേരിൽ അഞ്ചുപേർ അറസ്റ്റിലായതിന് പിന്നാലെയാണ് മതസ്ഥാപനങ്ങൾ ലക്ഷ്യമിട്ട് നടപടി തുടങ്ങിയത്.
ബൊംഗൈഗാവിലെ മദ്രസയിലെ സാധനങ്ങളെല്ലാം പ്രദേശവാസികളുടെ സഹായത്തോടെ മദ്രസാ കമ്മിറ്റി ഇന്നലെ രാത്രി തന്നെ മാറ്റിയിരുന്നു.
മദ്രസാ കെട്ടിടം പൊതുമരാമത്ത് വകുപ്പിന്റെ മാനദണ്ഡങ്ങൾക്ക് അനുസരിച്ചല്ല നിർമിച്ചതെന്നും അതുകൊണ്ട് മനുഷ്യവാസത്തിന് യോഗ്യമല്ലെന്നും ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുണ്ടെന്ന് എസ്.പി സ്വപ്‌നനീൽ ദേഖയെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. അൽഖാഇദ ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായ വ്യക്തിയുമായി ഗോപാൽപുര പൊലീസ് ഇന്നലെ ഇവിടെ റെയ്ഡ് നടത്തിയിരുന്നു. ജില്ല ഭരണകൂടത്തിന്റെ നിർദേശപ്രകാരമാണ് മദ്രസ പൊളിച്ചുനീക്കിയതെന്നും എസ്.പി പറഞ്ഞു.
ബർപേട്ട ജില്ലയിലെ ഒരു മദ്രസ തിങ്കളാഴ്ച അധികൃതർ പൊളിച്ചുനീക്കിയിരുന്നു. മദ്രസാ കെട്ടിടം തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നു എന്നാരോപിച്ചാണ് പൊളിച്ചുനീക്കിയത്. അൽഖാഇദ ബന്ധത്തിന്റെ പേരിൽ അക്ബർ അലി, അബുൽ കലാം ആസാദ് എന്നീ രണ്ട് സഹോദരങ്ങൾ ശനിയാഴ്ച അറസ്റ്റിലായിരുന്നു. ഇവർ ഈ മദ്രസ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചതെന്നാണ് ആരോപണം. ഈ മാസം നാലിന് മൊറിഗോൺ ജില്ലയിലെ മറ്റൊരു മദ്രസയും പൊളിച്ചുനീക്കിയിരുന്നു.
വിദ്യാഭ്യാസ സ്ഥാപനമായിട്ടല്ല, തീവ്രവാദത്തിന്റെ ഹബ്ബായാണ് ഈ മദ്രസകൾ പ്രവർത്തിക്കുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആരോപിച്ചിരുന്നു. സാമാന്യവൽക്കരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാന സർക്കാർ ഫണ്ട് നൽകുന്ന 700ലേറെ മദ്രസകൾ താൻ പൂട്ടിക്കഴിഞ്ഞു. ഇമാമുകളെന്ന വ്യാജേന ജിഹാദികൾ നുഴഞ്ഞുകയറുകയാണ്. ഇത്തരത്തിൽ പരാതി ലഭിച്ചിടങ്ങളിലെല്ലാം ഒഴിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അസമിന് പുറത്തുനിന്ന് വരുന്ന ഇമാമുമാർ പൊലീസിനെ അറിയിക്കണമെന്നും ഗവ. പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.