അസമിൽ മാർച്ച് 31നകം ബഹുഭാര്യത്വം നിരോധിക്കും: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ
text_fieldsന്യൂഡൽഹി: അസമിൽ ബഹുഭാര്യത്വം നിരോധിക്കാനുള്ള നിയമം കൊണ്ടുവരുന്നതിന്റെ മുന്നോടിയായി ബി.ജെ.പി സർക്കാർ നിയോഗിച്ച നാലംഗ വിദഗ്ധ സമിതി റിപ്പോർട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്ക് സമർപ്പിച്ചു.
ബഹുഭാര്യത്വം നിരോധിക്കാനുള്ള നിയമം നിർമിക്കാൻ സംസ്ഥാന നിയമസഭക്കുള്ള അവകാശം പരിശോധിക്കാനാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്. റിട്ടയേഡ് ജസ്റ്റിസ് റോമി ഫൂകോൽ ചെയർമാനായ വിദഗ്ധ സമിതിയിൽ അസം സർക്കാറിന്റെ അഡ്വക്കറ്റ് ജനറൽ ദേബശിഷ് സൈക്യ, ബി.ജെ.പി നേതാവും സുപ്രീംകോടതി അഭിഭാഷകനും അസം സർക്കാറിന്റെ അഡീഷനൽ അഡ്വക്കറ്റ് ജനറലുമായ നളിൻ കൊഹ്‍ലി, അഡ്വ. നകീബുർറഹ്മാൻ എന്നിവർ അംഗങ്ങളായിരുന്നു.
ഭരണഘടനാ വ്യവസ്ഥകളും സുപ്രീംകോടതി വിധികളും ആധാരമാക്കി തങ്ങൾ ഒരുമിച്ചിരുന്ന് തയാറാക്കിയ റിപ്പോർട്ട് സമർപ്പിച്ചുവെന്നും ഇനി ബാക്കി കാര്യങ്ങൾ സർക്കാറിന്റെ പക്കലാണെന്നും ബഹുഭാര്യത്വം നിരോധിക്കണമോ വേണ്ടയോ എന്ന കാര്യം സർക്കാറാണ് തീരുമാനിക്കേണ്ടതെന്നും നകീബുർറഹ്മാൻ പറഞ്ഞു. അസമിൽ ബഹുഭാര്യത്വം നിരോധിക്കാൻ സംസ്ഥാന സർക്കാറിന് അധികാരമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സമിതി റിപ്പോർട്ടെന്നും ഈ വർഷം മാർച്ച് 31നകം ബഹുഭാര്യത്വം നിരോധിക്കുന്ന നിയമം നടപ്പാക്കുമെന്നും റിപ്പോർട്ട് സ്വീകരിച്ച ശേഷം മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.