മുസ്‌ലിം ഇതര കുടിയേറ്റക്കാരുടെ കേസുകൾ ഫോറിനേഴ്‌സ് ട്രൈബ്യൂണലിന് കൈമാറില്ലെന്ന് അസം
text_fieldsഗുവാഹത്തി: 2015ന് മുമ്പ് സംസ്ഥാനത്ത് പ്രവേശിച്ച മുസ്‌ലിം ഇതര അനധികൃത കുടിയേറ്റക്കാരുടെ കേസുകൾ ഫോറിനേഴ്‌സ് ട്രൈബ്യൂണലിന് കൈമാറരുതെന്ന് അസം സർക്കാർ. അവർ സി.എ.എ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കണമെന്നും സർക്കാർ നിർദേശിച്ചു.
2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിൽ പ്രവേശിച്ച ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന, ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ടവരുടെ കേസുകൾ നേരിട്ട് ഫോറിനേഴ്‌സ് ട്രൈബ്യൂണലിന് കൈമാറരുതെന്ന് അസം പൊലീസിന്‍റെ അതിർത്തി വിഭാഗത്തോട് ജൂലൈ അഞ്ചിന് പുറപ്പെടുവിച്ച കത്തിൽ സർക്കാർ ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് കടന്ന മുസ്‌ലിം ഇതര കുടിയേറ്റക്കാരെല്ലാം ഇന്ത്യൻ പൗരത്വത്തിന് അർഹരാണെന്ന് അതിർത്തി പൊലീസ് മോധാവിക്ക് അയച്ച കത്തിൽ പൗരത്വ ഭേദഗതി നിയമം പരാമർശിച്ചുകൊണ്ട് ആഭ്യന്തര, രാഷ്ട്രീയ സെക്രട്ടറി പാർത്ഥ് പ്രതിം മജുംദാർ വ്യക്തമാക്കി. 2014 ഡിസംബർ 31ന് ശേഷം അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്ന് അസമിലേക്ക് പ്രവേശിച്ച ആളുകൾക്ക് അവരുടെ മതം പരിഗണിക്കാതെ ഈ സൗകര്യം ലഭ്യമാകില്ല. മറിച്ച് ആരെയെങ്കിലും കണ്ടെത്തിക്കഴിഞ്ഞാൽ തുടർനടപടികൾക്കായി അവരെ അധികാരപരിധിയിലുള്ള ഫോറിനേഴ്സ് ട്രിബ്യൂണലിലേക്ക് അയക്കണമെന്നും അദ്ദേഹം പറഞ്ഞു.
കത്ത് നൽകിയത് മാനദണ്ഡങ്ങൾക്കനുസൃതമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ തിങ്കളാഴ്ച വാർത്തസമ്മേളനത്തിൽ പറഞ്ഞു. അതൊരു നിയമപരമായ ഉത്തരവായിരുന്നെന്നും അതിൽ എതിർക്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2015ലോ അതിനുശേഷമോ അസമിലേക്ക് വരുന്നവരെ അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കുമെന്നും ശർമ പറഞ്ഞു.
അസം ഉടമ്പടി പ്രകാരം, 1971 മാർച്ച് 25നോ അതിനു ശേഷമോ സംസ്ഥാനത്തേക്ക് വരുന്ന എല്ലാ വിദേശികളുടെയും പേരുകൾ കണ്ടെത്തി വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യുകയും അവരെ നാടുകടത്താനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.