അസം പൊലീസിലെ 'ലേഡി സിങ്കം' ജുൻമോനി രാഭ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു
text_fieldsഗുവാഹതി: അസം പൊലീസിലെ 'ലേഡി സിങ്കം' എന്നറിയപ്പെടുന്ന സബ് ഇൻസ്‌പെക്ടർ ജുൻമോനി രാഭ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ 2.30-ഓടെ ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കിൽ ഇടിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് രാഭയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്വകാര്യവാഹനത്തിൽ അപ്പർ അസമിലേക്ക് പോകുകയായിരുന്നു ജുൻമോനി രാഭ.
അപകടം നടക്കുമ്പോൾ ഇവർ യൂണിഫോമിലായിരുന്നില്ല.യു.പി രജിസ്‌ട്രേഷനിലുള്ള ട്രക്ക് ആണ് ഇവരുടെ വാഹനത്തിൽ ഇടിച്ചത്. ട്രക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ വാഹനമോടിച്ചിരുന്ന ഡ്രൈവർ രക്ഷപ്പെട്ടതായാണ് വിവരം. മൊറിക്കോലോങ് പൊലീസ് ഔട്ട്‌പോസ്റ്റിന്റെ ചുമതലയിലുള്ള രാഭ കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുന്നതിലൂടെയാണ് ജനശ്രദ്ധ പിടിച്ചുപറ്റിയത്.
എന്നാൽ സാമ്പത്തിക വിഷയങ്ങൾ ഉൾപ്പടെ നിരവധി ആരോപണങ്ങളും ഇവർക്കെതിരെ ഉണ്ടായിരുന്നു. രാഭയെ അടുത്തിടെ അഴിമതിക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യാതൊരു സുരക്ഷയുമില്ലാതെ ഇവർ എന്തിനാണ് സ്വകാര്യ വാഹനത്തിൽ അപ്പർ അസമിലേക്ക് പോയതെന്ന് അറിയില്ലെന്ന് പൊലീസ് പറഞ്ഞു. കുടുംബത്തിനും ഇത് സംബന്ധിച്ച് വ്യക്തതയില്ല. അപകടം കൊലപാതകമാണഎന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും രാഭയുടെ മാതാവ് ആവശ്യപ്പെട്ടു.
തിങ്കളാഴ്‌ച രാത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സംഘം നാഗോണിലെ ജുൻമോണിയുടെ ഔദ്യോഗിക ക്വാർട്ടേഴ്സിൽ റെയ്ഡ് നടത്തുകയും ഒരു ലക്ഷത്തോളം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.പിടിച്ചെടുത്ത പണം ജുൻമോണിയുടെ അമ്മയുടേതാണെന്നും കോഴി വളർത്തൽ, പന്നി വളർത്തൽ എന്നിവയിൽ നിന്ന് സമ്പാദിച്ചതാണെന്നും അവർ അവകാശപ്പെട്ടു. ജുൻമോണിയുടെ ചടങ്ങുകൾക്കുള്ള പണം തിരികെ നൽകണമെന്ന് അവർ പോലീസിനോട് അപേക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.