അസമിൽ ക്ഷേത്രത്തിന്റെ അഞ്ച് കിലോമീറ്റർ പരിധിയിൽ ഗോമാംസ നിരോധനം
text_fieldsന്യൂഡൽഹി: അസമിൽ ക്ഷേത്ര പരിസരങ്ങളിലും ഹിന്ദു, ജൈന, സിഖ് ഭൂരിപക്ഷ മേഖലകളിലും ഗോമാംസവും ഗോമാംസ ഉൽപന്നങ്ങളും നിരോധിച്ചുള്ള ബിൽ സംസ്ഥാന സർക്കാർ നിയസഭയിൽ വെച്ചു. ക്ഷേത്രങ്ങളുടെ അഞ്ച് കിലോമീറ്റർ പരിധിയിലാണ് നിരോധനം. കൂടാതെ, അധികാരികൾ നിർദേശിക്കുന്ന മറ്റു സ്ഥാപനപരിധിയിലും നിരോധനമുണ്ടാകുമെന്ന് ബിൽ അവതരിപ്പിച്ച് സംസാരിച്ച മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
അസമില്‍ നിലവിലുണ്ടായിരുന്ന 1950 ലെ കന്നുകാലി സംരക്ഷണ നിയമത്തില്‍ കന്നുകാലി കശാപ്പും കടത്തും നിയന്ത്രിക്കുന്നതിന് മതിയായ വ്യവസ്ഥകള്‍ ഇല്ലായിരുെന്നന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ ബിൽ പ്രകാരം അനുമതിയുള്ള സ്ഥലത്ത് കശാപ്പ് നടത്തണമെങ്കിൽ കാലികൾക്ക് 14 വയസ്സ്ആയിരിക്കണം.
ഇതടക്കം ചട്ടങ്ങൾ പരിശോധിച്ച് പ്രദേശത്തെ വെറ്ററിനറി ഓഫിസർ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് ബിൽ നിർദേശിക്കുന്നു. അനുമതിയില്ലാതെ കാലികളെ മറ്റു ജില്ലകളിലേക്ക് കൊണ്ടുപോകുന്നതിനും നിരോധനമുണ്ട്. നിയമ ലംഘനത്തിന് മൂന്നു വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷയോ മൂന്നു ലക്ഷം മുതല്‍ അഞ്ചു ലക്ഷംവരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടിവരുമെന്നും ബില്ലില്‍ പറയുന്നു.
എന്നാൽ, കന്നുകാലി സംരക്ഷണം മുൻ നിർത്തിയുള്ളതല്ല ബില്ലെന്നും പ്രത്യേക സമുദായത്തെ ലക്ഷ്യമിടുന്നതാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ബില്ലിൽ നിരവധി പ്രശ്നങ്ങളുണ്ട്.
ആർക്കും എവിടെയും ഒരു കല്ല് സ്ഥാപിച്ച് ക്ഷേത്രം പണിയാൻ കഴിയും. അഞ്ച് കിലോമീറ്റർ ചുറ്റളവ് എന്നത് സാമുദായിക പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.