പ്രതിശ്രുത വരനെ വിലങ്ങ് വെച്ച് താരമായ ഉദ്യോഗസ്ഥ അഴിമതിക്കേസിൽ അറസ്റ്റിലായി
text_fieldsഗുവാഹത്തി: പ്രതിശ്രുത വരനെ വഞ്ചനാക്കുറ്റത്തിന് അറസ്റ്റ് ചെയ്ത് തടവിലാക്കി സമൂഹമാധ്യമങ്ങളിലടക്കം പ്രശംസ ഏറ്റുവാങ്ങിയ അസമിലെ പൊലീസ് ഉദ്യോഗസ്ഥ അഴിമതിക്കേസിൽ അറസ്റ്റിൽ. നാഗോൺ ജില്ലയിലെ സബ് ഇൻസ്‌പെക്ടറായ ജുൻമോണി രാഭയാണ് അറസ്റ്റിലായത്. ഇവരെ മജൂലി കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ മാസം തന്‍റെ ജോലിയോടുള്ള ആത്മാർഥ വെളിപ്പെടുത്തി പ്രതിശ്രുതവരനെ അറസ്റ്റ് ചെയ്തതിന് ജുൻമോണി രാഭ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. "ലേഡി സിങ്കം", "ദബാംഗ് കോപ്പ്" എന്നൊക്കെയാണ് രാഭയെ ആളുകൾ വിശേഷിപ്പിച്ചത്. എന്നാൽ, പ്രതിശ്രുത വരനായിരുന്ന റാണ പോഗാഗ് നടത്തിയ തട്ടിപ്പിൽ രാഭക്കും പങ്കുണ്ടെന്ന് പിന്നീട് പരാതി ലഭിക്കുകയായിരുന്നു. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ രാഭയും കൂടെയുണ്ടായിരുന്നെന്നാണ് പരാതിക്കാർ പറയുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് റാണ പോഗാഗുമായി രാഭയുടെ വിവാഹനിശ്ചയം നടന്നത്. തുടർന്ന് ഈ വർഷം നവംബറിൽ വിവാഹം നടക്കാനിരിക്കെയായിരുന്നു ഇയാളുടെ അറസ്റ്റ്. കൂടാതെ ഈ വർഷം ജനുവരിയിൽ ബിഹ്‌പുരിയ എം.എൽ.എ അമിയ കുമാറുമായുള്ള രാഭയുടെ ഫോൺ സംഭാഷണം ചോർന്നതിനെ തുടർന്നും വിവാദങ്ങളുയർന്നിരുന്നു.തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിക്ക് അർഹമായ ബഹുമാനം നൽകണമെന്നാണ് ഓഡിയോ ടേപ്പ് വിവാദത്തിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അഭിപ്രായപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.