അനുയായികളുടെ വെടിയേറ്റ് 'അസം വീരപ്പൻ' കൊല്ലപ്പെട്ടു
text_fieldsഗുവാഹത്തി: 'അസം വീരപ്പൻ' എന്നറിയപ്പെടുന്ന യുനൈറ്റഡ് പീപ്പിൾസ് റെവല്യൂഷനറി ഫ്രണ്ടിന്‍റെ (യു.പി.ആർ.എഫ്) സ്വയം പ്രഖ്യാപിത തലവൻ വെടിയേറ്റ് മരിച്ചു. സ്വന്തം കേഡർമാരുമായുണ്ടായ തർക്കത്തിനിടെ അസം വീരപ്പനെന്ന മംഗിൻ ഖൽഹാവ് വെടിയേറ്റ് മരിക്കുകയായിരുന്നെന്നാണ് വിവരം.
അസമിലെ തെക്കൻ മലനിരകളിലെ കാർബി ആംഗ്ലോഗ് ജില്ലയിലുണ്ടായ സംഘർഷത്തിലാണ് മരണം. മരം കൊള്ളക്കാരനായതിനാലാണ് മംഗിനെ അസം വീരപ്പനെന്ന് വിശേഷിപ്പിക്കുന്നത്. യു.പി.ആർ.എഫിലെ സജീവമായ മുതിർന്ന അംഗങ്ങളിൽ ഒരാളായിരുന്നു മംഗിൻ. കഴിഞ്ഞ ഒരു വർഷത്തിനിടെ മറ്റു മുതിർന്നവർ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും നിരവധി പേർ കീഴടങ്ങുകയും ചെയ്തിരുന്നു.
ഗ്രൂപ്പിലെ അംഗങ്ങൾ തമ്മിലുണ്ടായ സംഘർഷമാണ് വെടിവെപ്പിന് കാരണം. ഞായറാഴ്ച രാവിലെയാണ് മംഗിന്‍റെ മൃതദേഹം കണ്ടെടുത്തത്. ഇയാളുടെ ശരീരത്തിൽ നിരവധി തവണ വെടിയേറ്റതിന്‍റെ പാടുകളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ മൃതദേഹം ബൊകജാനിലെ ആശുപത്രിയിലേക്ക് മാറ്റുകയും തുടർന്ന് ദിപുവിലേക്ക് പോസ്റ്റ്മോർട്ടത്തിന് അയക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.