കശ്മീരിലെ കൊലപാതകം: ലഫ്റ്റനന്റ് ഗവർണറെ ഡൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര സർക്കാർ
text_fieldsശ്രീനഗർ: ജമ്മു കശ്മീരിൽ അധ്യാപികയും ബാങ്ക് മാനേജരും അടക്കം മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയെ കേന്ദ്രസർക്കാർ ഡൽഹിയിലേക്ക് വിളിപ്പിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായുള്ള കൂടിക്കാഴ്ചക്കായാണ് ലഫ്റ്റനന്റ് ഗവർണറെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്.
മേഖലയിൽ ഒരാഴ്‌ചക്കുള്ളിൽ എട്ടുകൊലപാതകങ്ങൾക്കാണ് തീവ്രവാദികൾ ലക്ഷ്യമിട്ടത്. അതിന്റെ ഭാഗമായാണ് മൂന്നു കൊലപാതകങ്ങൾ നടന്നത്. അധ്യാപികയുടെ കൊലപാതകത്തിന് പിറകെ ബാങ്ക് മാനേജർ അദ്ദേഹത്തിന്റെ ഓഫീസിൽ വെടിയേറ്റ് മരിച്ചു. ആ സംഭവത്തിന്റെ നടുക്കം തീരും മുമ്പാണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് വെടിയേറ്റത്. ഒരാൾ മരിച്ചു. മറ്റേയാൾ ചികിത്സയിലാണ്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേശകൻ അജിത് ദോവലും ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്.
കൊലപാതകങ്ങൾക്ക് പിറകെ തങ്ങൾക്ക് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് കശ്മീരി പണ്ഡിറ്റുകൾ വ്യാഴാഴ്ച ശ്രീനഗറിൽ പ്രതിഷേധിച്ചിരുന്നു. പ്രദേശമാകെ ലോക്ഡൗണിലാണെന്നും സർക്കാർ തങ്ങളെ വീട്ടിലടച്ചിരിക്കുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. ജമ്മുവിടാൻ തങ്ങളെ അനുവദിക്കണമെന്നാണ് ലഫ്റ്റനന്റ് ഗവർണറോട് പറയാനുള്ളതെന്നും പണ്ഡിറ്റുകൾ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.