ആഭരണങ്ങൾ വിറ്റ് 1.50 ലക്ഷം രൂപക്ക് ക്വട്ടേഷൻ നൽകി; 'വടചെന്നൈ' സിനിമയിലെ ചന്ദ്രയെ പോലെ പോർക്കൊടി കൃത്യം നടപ്പാക്കി
text_fieldsചെന്നൈ: ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) സംസ്ഥാന അധ്യക്ഷൻ അഡ്വ. ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ആർക്കോട്ട് സുരേഷിന്റെ ഭാര്യ പോർക്കൊടി കൃത്യം നടപ്പാക്കിയത് സിനിമ കഥപോലെ. ധനുഷ് നായകനായ 'വടചെന്നൈ' സിനിമയിൽ ആൻഡ്രിയ ചെയ്ത ചന്ദ്ര എന്ന കഥാപാത്രത്തെ അനുസ്മരിപ്പിക്കും വിധമാണ് കൊലപാതകത്തിന്റെ ആസൂത്രണമെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ വർഷം ആഗസ്റ്റ് 18 നാണ് പോർക്കൊടി ഭർത്താവ് ഗുണ്ടാനേതാവ് ആർക്കോട് സുരേഷ് ചെന്നൈ പട്ടിനമ്പാക്കത്ത് വെച്ച് കൊല്ലപ്പെടുന്നത്. ആരുദ്ര സ്വര്‍ണനിക്ഷേപപദ്ധതി തട്ടിപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഈ കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി പേർ അറസ്റ്റിലായെങ്കിലും ആംസ്ട്രോങ്ങിനെതിരെ കേസെടുത്തിരുന്നില്ല. എന്നാൽ കൊലപാതകത്തിൽ ആംസ്ട്രോങ്ങിന് ബന്ധമുണ്ടെന്ന് ഉറച്ച വിശ്വസിച്ച സുരേഷിന്റെ ഭാര്യ പോർക്കൊടി ഭർത്താവിന്റെ ഘാതകനെ കൊലപ്പെടുത്താൻ തീരുമാനിക്കുകായായിരുന്നു.
അങ്ങനെയാണ് ഭർത്താവിന്റെ സഹോദരൻ ബാലുവിനെ വിളിച്ച് വരുത്തുന്നത്. എന്നാൽ ക്വട്ടേഷൻ സംഘങ്ങൾക്ക് നൽകാൻ പോർക്കൊടിയുടെ കയ്യിൽ പണമില്ലായിരുന്നു. കഴുത്തിലെ സ്വർണമാല വിറ്റ് ഒന്നര ലക്ഷം രൂപ ബാലുവിന് നൽകി. ബാലുവും സംഘവും ചേർന്ന് കഴിഞ്ഞ ജൂലൈ അഞ്ചിന് കൃത്യം നടപ്പാക്കി.
രാത്രി ഏഴരയോടെ പെരമ്പൂരിലെ വീട്ടിലേക്കു വാഹനത്തില്‍ വരുന്നതിനിടെ സാന്തയപ്പന്‍ സ്ട്രീറ്റില്‍ ആറംഗ സംഘം തടഞ്ഞുനിര്‍ത്തി ഇദ്ദേഹത്തെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആംസ്ട്രോങ്ങിനെ ഗ്രീംസ് റോഡിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കേസില്‍ മുഖ്യപ്രതിയായ സുരേഷിന്റെ സഹോദരൻ പൊന്നൈ ബാലു അടക്കം 23 പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഒളിവിൽ പോയ പോർക്കൊടിയെ ആന്ധ്രയിൽ വെച്ച് കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.