നാലിടത്ത് എൻ.ഡി.എ, മൂന്നിടത്ത് ഇൻഡ്യ; ഉപതെരഞ്ഞെടുപ്പിലെ സീറ്റ് നില ഇങ്ങനെ
text_fieldsന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം പൂർത്തിയായിക്കൊണ്ടിരിക്കെ നാലിടത്ത് മുന്നിലുള്ളത് എൻ.ഡി.എ സഖ്യം. മൂന്നിടത്ത് ഇൻഡ്യ സഖ്യത്തിലെ പാർട്ടികളാണ് മുന്നിലുള്ളത്. സഖ്യത്തിന്‍റെ അടിസ്ഥാനത്തിലല്ല മത്സരമെങ്കിലും, ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ സഖ്യമായ 'ഇൻഡ്യ'ക്ക് കരുത്ത് തെളിയിക്കാനുള്ള അവസരമായാണ് ഉപതെരഞ്ഞെടുപ്പ് വിലയിരുത്തപ്പെട്ടത്.
ത്രിപുരയിലെ ബോക്സാനഗർ, ധൻപൂർ എന്നിവിടങ്ങളിൽ ബി.ജെ.പി സ്ഥാനാർഥികൾ വിജയിച്ചതായി ഔദ്യോഗിക പ്രഖ്യാപനം വന്നുകഴിഞ്ഞു. ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ ബി.ജെ.പിയാണ് മുന്നിൽ. ഇതുകൂടാതെ ഝാർഖണ്ഡിലെ ഡുമ്രി മണ്ഡലത്തിൽ എൻ.ഡി.എ സഖ്യകക്ഷിയായ എ.ജെ.എസ്.യുവും മുന്നിലുണ്ട്. ഇൻഡ്യ സഖ്യകക്ഷിയായ ഝാർഖണ്ഡ് മുക്തി മോർച്ച കഴിഞ്ഞ തവണ വിജയിച്ച സീറ്റാണിത്.
പുതുപ്പള്ളി ഉൾപ്പെടെ മൂന്ന് മണ്ഡലത്തിലാണ് ഇൻഡ്യ സഖ്യകക്ഷികൾ മുന്നിൽ. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ 37,719 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. യു.പിയിലെ ഘോസി മണ്ഡലത്തിൽ എസ്.പി സ്ഥാനാർഥിയും പശ്ചിമബംഗാളിലെ ദുപ്ഗുരി മണ്ഡലത്തിൽ തൃണമൂൽ സ്ഥാനാർഥിയുമാണ് ഇൻഡ്യയുടെ പ്രതീക്ഷയുമായി മുന്നിട്ടുനിൽക്കുന്നത്. ദുപ്ഗുരിയിൽ കഴിഞ്ഞ തവണ ബി.ജെ.പിയാണ് വിജയിച്ചിരുന്നത്.
ത്രിപുരയിൽ ബി.ജെ.പി ജയിച്ച ബോക്സാനഗർ സി.പി.എമ്മിന്‍റെ സിറ്റിങ് സീറ്റാണ്. ഇവിടെ ബി.ജെ.പി സ്ഥാനാർഥി തഫാജ്ജൽ ഹുസൈൻ 30,237 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. സി.പി.എം സ്ഥാനാർഥി മിസാൻ ഹുസൈന് 3909 വോട്ട് മാത്രമാണ് ലഭിച്ചത്. ബോക്സാനഗറിൽ വ്യാപക അക്രമം നടന്നതായും ബൂത്തുകൾ പിടിച്ചെടുത്തതായും സി.പി.എം ചൂണ്ടിക്കാട്ടി. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് സി.പി.എം ആവശ്യപ്പെട്ടെങ്കിലും കമ്മീഷൻ അംഗീകരിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.