കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന്; വോട്ടെണ്ണൽ മെയ് രണ്ടിന്
text_fieldsന്യൂഡൽഹി: കേരളമടക്കം അഞ്ചിടത്തെ നിയമസഭ തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചു. കേരളത്തിലെ 140 മണ്ഡലങ്ങളിലും ഒറ്റഘട്ടമായി ഏപ്രിൽ ആറിനാണ് വോട്ടെടുപ്പ്. മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. വോട്ടെണ്ണൽ മേയ് രണ്ടിനാണ്. ഇതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് കേരളത്തിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. എല്ലായിടത്തും വോട്ടെണ്ണൽ മേയ് രണ്ടിനു തന്നെ. ക്രമസമാധാന പ്രശ്നസാധ്യത മുൻനിർത്തി പശ്ചിമ ബംഗാളിൽ എട്ടു ഘട്ടമായാണ് തെരഞ്ഞെടുപ്പ്.
കേരളത്തിനൊപ്പം തമിഴ്നാട്ടിലും പുതുച്ചേരിയിലും വോട്ടെടുപ്പ് ഒറ്റ ഘട്ടം; ഏപ്രിൽ ആറിന്. അസമിൽ മൂന്നു ഘട്ടം. ബിഹാറിൽ തെരഞ്ഞെടുപ്പു നടത്തിയതുപോലെ കോവിഡ്കാല നിയന്ത്രണങ്ങൾ ഉണ്ടാവും. പരീക്ഷകളും ഉത്സവങ്ങളും കണക്കിലെടുത്താണ് തീയതി തീരുമാനിച്ചത്.
വോട്ടെടുപ്പിന് ഒരു മണിക്കൂർ കൂടുതൽ സമയം അനുവദിച്ചു. നാമനിർദേശ പത്രിക നൽകാൻ രണ്ടുപേർ മാത്രം. വീടു കയറിയിറങ്ങുന്ന പ്രചാരണസംഘം അഞ്ചുപേരിൽ കൂടാൻ പാടില്ല. നിയന്ത്രണങ്ങളോടെ റോഡ് ഷോ ആകാം. പോളിങ് ബൂത്തിൽ സാനിറ്റൈസർ, സോപ്പ്, മാസ്ക് തുടങ്ങിയ ജാഗ്രതാ ക്രമീകരണങ്ങൾ വേണം.
അഞ്ച് ഇടങ്ങളിലായി 18.86 കോടി വോട്ടർമാരാണുള്ളത്. ആകെ 824 മണ്ഡലങ്ങൾ. 2.7 ലക്ഷം പോളിങ് ബൂത്തുകൾ. കേരളത്തിൽ 40,771 പോളിങ് സ്റ്റേഷനുകൾ. 80 വയസ്സിന് മുകളിലുള്ളവർക്ക് പോസ്റ്റൽ വോട്ട് സൗകര്യമുണ്ടാകും. ആയിരം വോട്ടർമാർക്ക് ഒരു ബൂത്തായിരിക്കും. എല്ലാ ബൂത്തുകളും കെട്ടിടത്തിന്‍റെ താഴെ നിലയിലാകും.
കേരളം (140 സീറ്റ്)
തെരഞ്ഞെടുപ്പ് വിജ്ഞാപനം: മാർച്ച് 12
പത്രിക സമർപ്പണം: മാർച്ച് 19 വരെ
സൂക്ഷ്മപരിശോധന: മാർച്ച് 20
പത്രിക പിൻവലിക്കൽ: മാർച്ച് 22 വരെ
തമിഴ്നാട് (234 സീറ്റ്), പുതുച്ചേരി (30)
ഒറ്റഘട്ടം: ഏപ്രിൽ ആറ്
പശ്ചിമ ബംഗാൾ (294 സീറ്റ്)
എട്ടു ഘട്ടം: മാർച്ച് 27, ഏപ്രിൽ 1, 6, 10, 17, 22, 26, 29
അസം (126 സീറ്റ്)
മൂന്നു ഘട്ടം: മാർച്ച് 27, ഏപ്രിൽ 4, 6
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.