കോൺഗ്രസിന്റെ വീഴ്ച: കേരളത്തിലും കളം മാറും
text_fieldsതിരുവനന്തപുരം: ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസിന്റെ പതനം കേരളത്തിൽ ലോക്സഭ തെരഞ്ഞെടുപ്പിനെയും സ്വാധീനിക്കും. കർണാടക വിജയം കോൺഗ്രസിനും യു.ഡി.എഫിനും നൽകിയ ആവേശം ചോർത്തുന്നതാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ജനവിധി.
കർണാടകയിലെ തകർപ്പൻ തിരിച്ചുവരവ് ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവിന്റെ സൂചനയായാണ് വിലയിരുത്തപ്പെട്ടത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പ്രതിഫലനമായി കർണാടക ജയം കോൺഗ്രസ് ഉയർത്തിക്കാട്ടുകയും ചെയ്തു. മധ്യപ്രദേശിലടക്കം ജോഡോ യാത്രയുടെ അനുരണനം കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നതുമാണ്. അതുണ്ടായില്ലെന്ന് മാത്രമല്ല, ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് നേരിട്ടത്.
ശക്തമായ ഭരണവിരുദ്ധ വികാരത്തെ മോദി പ്രഭാവം കൊണ്ടാണ് മധ്യപ്രദേശിൽ ബി.ജെ.പി മറികടന്നത്. ഛത്തിസ്ഗഢിൽ തുടർഭരണമുറപ്പിച്ചാണ് കോൺഗ്രസ് കളത്തിലിറങ്ങിയത്. എടുത്തുപറയാൻ ശക്തനായ നേതാവ് പോലുമില്ലാത്ത അവിടെ മോദിയെ മുന്നിൽനിർത്തി കോൺഗ്രസിനെ ബി.ജെ.പി വ്യക്തമായ വ്യത്യാസത്തിൽ മറികടന്നു.
രാജസ്ഥാൻ നഷ്ടപ്പെടുമെന്ന് ഉറപ്പിച്ചതാണെങ്കിലും പ്രാദേശിക നേതാക്കളല്ല മോദിയായിരുന്നു അവിടെയും പ്രചാരണത്തിലെ താരം. ഹിന്ദി ഹൃദയഭൂമിയെ ഒരിക്കൽ കൂടി കീഴടക്കിയ മോദി പ്രഭാവം മാസങ്ങൾക്കകം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ തടയുക കോൺഗ്രസിനും രാഹുലിനും സാധ്യമല്ലെന്ന നിലയാണ് വന്നുചേർന്നത്. ഈ സാഹചര്യം കേരളത്തിലെയടക്കം വോട്ടിങ്ങിനെ ബാധിക്കുകയും ചെയ്യും.
മോദിയെ താഴെയിറക്കാൻ കോൺഗ്രസിന് പരമാവധി സീറ്റ് വേണമെന്ന തിരിച്ചറിവിലാണ് 2019ൽ കേരളത്തിൽ മതേതര വോട്ടുകൾ കൂട്ടത്തോടെ യു.ഡി.എഫ് പെട്ടിയിൽ വീണത്. 19 സീറ്റെന്ന ചരിത്ര നേട്ടം അതോടെ യു.ഡി.എഫിന് ലഭിച്ചു. ജോഡോ യാത്ര രാഹുൽ ഗാന്ധിയുടെ പ്രതിഛായ മെച്ചപ്പെടുത്തിയതും കർണാടക വിജയവും പിന്നാലെ, ഇന്ത്യ മുന്നണിയുടെ വരവുമെല്ലാം വീണ്ടും കേരളത്തിൽ സമാന സാഹചര്യമൊരുക്കുമെന്ന് കരുതപ്പെട്ടിരുന്നു.
എന്നാൽ, ഹിന്ദി ബെൽറ്റിൽ വീണതോടെ കോൺഗ്രസിലുള്ള പ്രതീക്ഷ മങ്ങി. മോദിയെ വീഴ്ത്താൻ രാഹുൽ എന്ന പ്രതീക്ഷയിൽ സി.പി.എമ്മിന്റെ ഉറച്ച കോട്ടകളിൽ പോലും കോൺഗ്രസിനായിരുന്നു സാധ്യത.
എന്നാൽ, ആ പ്രതീക്ഷ മങ്ങുമ്പോൾ ഇടതുപക്ഷത്തിന് സ്വാധീനമുള്ള സീറ്റുകളിൽ മാത്രമല്ല, ഒപ്പത്തിനൊപ്പമുള്ള മണ്ഡലങ്ങളിൽ പോലും എൽ.ഡി.എഫിന് പൊരുതാമെന്ന നിലയിലേക്ക് തെരഞ്ഞെടുപ്പ് ചിത്രം മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.