നിയമസഭ തെരഞ്ഞെടുപ്പ്: മണിപ്പൂരിൽ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് മോദി
text_fieldsഇംഫാൽ: വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം ചൂടുപിടിക്കുന്നു. തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി മണിപ്പൂരിൽ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
വടക്കുകിഴക്കൻ മേഖല ഇന്ത്യയുടെ വികസനത്തിൽ വലിയ പങ്ക് വഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മുൻ സർക്കാറുകൾ ഈ മേഖലയെ അവഗണിച്ചതിന്‍റെ ഫലമായി രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽനിന്ന് ജനങ്ങൾ അകന്നു. ഏഴ് വർഷത്തെ ബി.ജെ.പി ഭരണം അതിൽ മാറ്റം വരുത്തിയതായും മോദി പറഞ്ഞു.
4800 കോടി രൂപ മുതൽ മുടക്കിൽ നിരവധി വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. വികസന പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ച് ദേശീയ പാത പദ്ധതികളുടെ തറക്കല്ലിടുകയും 2387 മൊബൈൽ ടവറുകൾ സമർപ്പിക്കുകയും ചെയ്തു.
'യു.പിയിൽ പ്രതിപക്ഷം ജനങ്ങളെ ഭിന്നിപ്പിക്കുന്നു'
ബി.ജെ.പി ജനങ്ങളെ ഒരുമിച്ച് കൊണ്ടുവരുമ്പോൾ യു.പിയിലെ പ്രതിപക്ഷ പാർട്ടികൾ മതത്തിന്‍റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡ ആരോപിച്ചു. ഉത്തർപ്രദേശിലെ ബസ്തിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചാബിൽ സിദ്ദുവും കെജ്രിവാളും നേർക്കുനേർ
പഞ്ചാബിൽ കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദുവും അരവിന്ദ് കെജ്രിവാളുമായുള്ള പോരാട്ടം തുടരുകയാണ്. ആം ആദ്മി പാർട്ടി ഭരണത്തിലെത്തിയാൽ വനിതാ വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ നൽകാമെന്ന കെജ്രിവാളിന്റെ വാഗ്ദാനത്തിനു പിന്നാലെ, എല്ലാ വീട്ടമ്മമാർക്കും വർഷത്തിൽ എട്ട് പാചകവാതക സിലിണ്ടറാണ് സിദ്ദു വാഗ്ദാനം ചെയ്തത്.
ഫെബ്രുവരി മുതൽ മാർച്ച് വരെയാണ് ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.