ജമ്മു കശ്മീരിൽ മൂന്നുഘട്ടം; ഹരിയാനയിൽ ഒറ്റഘട്ടം; ഒക്ടോബർ നാലിന് വോട്ടെണ്ണൽ; കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് ഉടനില്ല
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിൽ മൂന്ന് ഘട്ടമായും ഹരിയാനയിൽ ഒറ്റ ഘട്ടമായും സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ ജമ്മു-കശ്മീരിലും ഒക്ടോബർ ഒന്നിന് ഹരിയാനയിലും 90 വീതം നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒക്ടോബർ നാലിന് നടക്കും.
ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടത്തിയ വാർത്തമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ തീയതി പ്രഖ്യാപിച്ചതോടെ ഇരു സംസ്ഥാനങ്ങളിലും വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയും പ്രതിപക്ഷ കക്ഷികളും തമ്മിൽ ഏറ്റുമുട്ടുന്ന ആദ്യ തെരഞ്ഞെടുപ്പിനാണ് ജമ്മു-കശ്മീരും ഹരിയാനയും സാക്ഷ്യം വഹിക്കുന്നത്. ജമ്മു-കശ്മീരിൽ ഒന്നാം ഘട്ടത്തിൽ 24 സീറ്റിലും രണ്ടിൽ 26 സീറ്റിലും അവസാനഘട്ടത്തിൽ 40 സീറ്റിലുമാകും തെരഞ്ഞെടുപ്പ്. 2014 നവംബർ- ഡിസംബറിൽ അഞ്ചു ഘട്ടങ്ങളിലായാണ് ജമ്മു-കശ്മീരിൽ അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്.
2019ൽ ഹരിയാനക്കൊപ്പം തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ ഇത്തവണ തെരഞ്ഞെടുപ്പ് നീട്ടിയത് ജമ്മു-കശ്മീരിൽ കൂടുതൽ മോശം കാലാവസ്ഥയും ഉത്സവ സീസണും കണക്കിലെടുത്താണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ പറഞ്ഞു. മഹാരാഷ്ട്ര, ഝാർഖണ്ഡ്, ഡൽഹി എന്നിവിടങ്ങളിലാണ് വൈകാതെ തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഹരിയാന, ജമ്മു-കശ്മീർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്ന മുറക്ക് ഇവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ജമ്മു-കശ്മീരിന് സംസ്ഥാന പദവി തിരിച്ചുനൽകി ഈ വർഷം സെപ്റ്റംബർ 30നകം നിയമസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീംകോടതി നിർദേശംകൂടിയാണ് ഇപ്പോൾ നടപ്പാക്കുന്നത്.
പാലക്കാട്, ചേലക്കര എന്നീ നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതിയും കമീഷൻ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പും വൈകും. ഹരിയാന സർക്കാറിന്റെ കാലാവധി നവംബർ മൂന്നിന് അവസാനിക്കും. ഹരിയാനയിൽ 90 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.
മഹാരാഷ്ട്രയിൽ നവംബർ 26നാണ് സർക്കാറിന്റെ കാലാവധി അവസാനിക്കുന്നത്. 10 വർഷത്തിനുശേഷമാണ് ജമ്മു കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. സംസ്ഥാനത്ത് 90 മണ്ഡലങ്ങളാണുള്ളത്.
സെപ്റ്റംബറിന് മുമ്പ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കശ്മീരിൽ സേനാവിന്യാസം കൂടുതൽ വേണ്ടതിനാലാണ് മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.