പരസ്യപ്രചാരണം കഴിഞ്ഞു; മധ്യപ്രദേശും ഛത്തിസ്ഗഢും നാളെ ബൂത്തിലേക്ക്
text_fieldsന്യൂഡൽഹി: കോൺഗ്രസും ബി.ജെ.പിയും നടത്തിയ അത്യന്തം വാശിയേറിയ കൊട്ടിക്കലാശത്തോടെ മധ്യപ്രദേശിലെ 230ഉം ഛത്തിസ്ഗഢിലെ 70ഉം നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങി. വെള്ളിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന ഇരുസംസ്ഥാനങ്ങളിലും ചില മണ്ഡലങ്ങളിൽ മൂന്നാം കക്ഷികളുടെ സാന്നിധ്യവുമുണ്ട്.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, മുൻ മുഖ്യമന്ത്രിയും പ്രദേശ് കോൺഗ്രസ് അധ്യക്ഷനുമായ കമൽനാഥ്, കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമർ, ഫഗ്ഗൻ സിങ് കുലസ്തെ, പ്രഹ്ലാദ് പട്ടേൽ, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗ്യ തുടങ്ങിയവർ മധ്യപ്രദേശിലും മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ, മുൻ മുഖ്യമന്ത്രി രമൺ സിങ് തുടങ്ങിയവർ ഛത്തിസ്ഗഢിലും ജനവിധി തേടുന്നുണ്ട്. മിസോറമിലെ 40 മണ്ഡലങ്ങൾക്കൊപ്പം ഛത്തിസ്ഗഢിലെ 20 നക്സൽബാധിത മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഈ മാസം ഏഴിന് നടന്നിരുന്നു. രാജസ്ഥാനിലെ 200 നിയമസഭ മണ്ഡലങ്ങിലേക്ക് ഈമാസം 23നും തെലങ്കാനയിലെ 119 മണ്ഡലങ്ങളിലേക്ക് ഈ മാസം 30നും വോട്ടെടുപ്പ് നടക്കും. എല്ലാ സംസ്ഥാനങ്ങളിലും മൂന്നിനാണ് വോട്ടെണ്ണൽ.
മധ്യപ്രദേശിൽ പ്രചാരണത്തിന്റെ സമാപനദിവസം കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യയുടെ തട്ടകമായ ഗ്വാളിയോർ-ചമ്പൽ മേഖലയിലും ഛത്തിസ്ഗഢിലെ അവസാന പ്രചാരണത്തിൽ ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷൻ ജെ.പി. നഡ്ഡ റായ്പുരിലും റാലികളിൽ പങ്കെടുത്തു. പരസ്യപ്രചാരണത്തിന്റെ സമയപരിധിയായ വൈകീട്ട് ആറ് മണിക്ക് ശേഷവും തുടർന്നതോടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ കലാശക്കൊട്ട് തെരഞ്ഞെടുപ്പ് കമീഷൻ ഇടപെട്ട് തടഞ്ഞു. കോൺഗ്രസ് നൽകിയ പരാതിയെ തുടർന്നാണ് കമീഷൻ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.