മധ്യപ്രദേശിൽ ജയത്തിന് പ്രായം മറന്ന് ബി.ജെ.പി; പഴയ കുതിരകൾ വീണ്ടും കളത്തിൽ
text_fieldsഭോപാൽ: മധ്യപ്രദേശിൽ കോൺഗ്രസിന് തടയിടാൻ പതിനെട്ടടവും പയറ്റുകയാണ് ബി.ജെ.പി. അതിന്റെ ഭാഗമായി പുതുതലമുറക്കായി സീറ്റുകൾ മാറ്റിവെക്കുന്ന തീരുമാനം മാറ്റി. ബി.ജെ.പി പട്ടികയിലെ 14 സ്ഥാനാർഥികൾ 70 വയസ്സിന് മുകളിലുള്ളവരാണ്. ഒരാൾക്ക് പ്രായം 80. കോൺഗ്രസ് പട്ടികയിൽ 70 കഴിഞ്ഞ ഒമ്പതു പേരാണുള്ളത്.
കർണാടകയിൽ 74 വയസ്സുള്ള കെ.എസ്. ഈശ്വരപ്പയെയും 67 വയസ്സുള്ള ജഗദീഷ് ഷെട്ടാറിനെയും തഴഞ്ഞ് ചെറുപ്പക്കാരെ വെച്ച് വോട്ടുതേടിയത് നല്ല തന്ത്രമായിരുന്നില്ലെന്ന അനുഭവം ബി.ജെ.പിക്കുണ്ട്. ഇതിൽനിന്നുള്ള പാഠം ഉൾക്കൊണ്ടാണ് നേതൃനിരയിലെ തലമുതിർന്നവരെ വീണ്ടും രംഗത്തിറക്കാൻ കാവിപ്പാർട്ടി തീരുമാനിച്ചത്.
മധ്യപ്രദേശ് സത്ന ജില്ലയിലെ നഗോഡ് മണ്ഡലത്തിൽ മുൻ മന്ത്രി നാഗേന്ദ്ര സിങ് നഗോഡ് ആണ് ബി.ജെ.പി സ്ഥാനാർഥി. നഗോഡിന് 80 വയസ്സായി. രേവ ജില്ലയിലെ ഗുർഹിൽ മത്സരിക്കുന്ന മറ്റൊരു നാഗേന്ദ്ര സിങ്ങിന് 79 വയസ്സുണ്ട്. ഇവിടെ ആം ആദ്മി പാർട്ടി സ്ഥാനാർഥി പ്രഖാർ പ്രതാപ് സിങ്ങിന് 25 വയസ്സേയുള്ളൂ. യു.എസിലെ ജോലികളഞ്ഞാണ് രാഷ്ട്രീയത്തിൽ ഒരുകൈ നോക്കാൻ പ്രതാപ് സിങ് ഇന്ത്യയിലെത്തിയത്. നഗോഡും സിങ്ങും അഞ്ചു മാസം മുമ്പ് ഇനി മത്സരത്തിനില്ല എന്ന് വ്യക്തമാക്കിയിരുന്നു.
ബി.ജെ.പി മത്സരിപ്പിക്കുന്ന മറ്റ് വയോധിക നേതാക്കൾ: ജയന്ത് മളൈയ (76), ജഗന്നാഥ് സിങ് രഘുവംശി (75), സീതാശരൺ ശർമ (73), ബിശാഹുലാൽ സിങ് (73), മായ സിങ് (73), ഹജാരിലാൽ ഡംഗി (72), പ്രേംശങ്കർ വർമ (72), ജയ്സിങ് മറാവി (71), ഗോപാൽ ഭാർഗവ (71), അജയ് വിഷ്ണോ (71), ദുർഗാലാൽ വിജയ് (71), ഗൗരി ശങ്കർ ബിസെൻ (71). കഴിഞ്ഞതവണ പല പ്രമുഖർക്കും പ്രായത്തിന്റെ പേരിൽ ബി.ജെ.പി ടിക്കറ്റ് നിഷേധിച്ചിട്ടുണ്ട്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ അന്നത്തെ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ, 75 കഴിഞ്ഞവർക്ക് മത്സരത്തിന് അവസരം നൽകില്ലെന്ന് പറഞ്ഞാണ് എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയ പ്രമുഖർക്ക് സീറ്റ് നിഷേധിച്ചത്. പുതിയ സാഹചര്യത്തിലെ ബി.ജെ.പി നയംമാറ്റം അവസരവാദ രാഷ്ട്രീയമാണെന്ന് മുതിർന്ന പത്രപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ രാകേഷ് ദീക്ഷിത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.