പഞ്ചാബ് വിധിയെഴുതുന്നു; യു.പിയിൽ മൂന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
text_fieldsലഖ്നോ / ചണ്ഡിഗഢ്: വൻ പ്രചാരണ കോലാഹലങ്ങൾക്കൊടുവിൽ പഞ്ചാബ് വിധിയെഴുതുന്നു. വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ ഭേദപ്പെട്ട പോളിങ് ആണ് പഞ്ചാബിൽ ആദ്യ മണിക്കൂറുകളിൽ. ഒറ്റ ഘട്ടമായി 117 സീറ്റിലേക്കാണ് ഇന്ന് വോട്ടെടുപ്പ്. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ. കോൺഗ്രസ് അധികാരം നിലനിർത്തുമോയെന്ന ആകാംക്ഷ ഉയർത്തുന്ന പഞ്ചാബിൽ പാർട്ടികളും മുന്നണികളും കടുത്ത ബലാബലത്തിലാണ് മത്സരരംഗത്തുള്ളത്. ഡൽഹി മോഡൽ ഭരണം എന്ന വാഗ്ദാനത്തോടെ ആം ആദ്മി പാർട്ടി, കോൺഗ്രസിനെ താഴെയിറക്കാൻ കച്ചമുറുക്കി ബി.ജെ.പി -പഞ്ചാബ് ലോക് കോൺഗ്രസ്-(പി.എൽ.സി)-ശിരോമണി അകാലി ദൾ(സംയുക്ത്) സഖ്യം, ബി.എസ്.പി-ശിരോമണി അകാലിദൾ (എസ്.എ.ഡി)സഖ്യം, കർഷകരുടെ കൂട്ടായ്മയായ സംയുക്ത് സമാജ് മോർച്ച എന്നിവരാണ് പഞ്ചാബിൽ കളം നിറയുന്നത്.
സ്വന്തം ഭരണകാലത്തെ ജനക്ഷേമ പ്രവർത്തനങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്. ഇരട്ട എൻജിനുള്ള പുതിയ പഞ്ചാബിനുവേണ്ടി തങ്ങൾക്ക് വോട്ട് ചെയ്യൂ എന്നാണ് ബി.ജെ.പിയുടെ അഭ്യർഥന. കോൺഗ്രസിലെ മുൻ മുഖ്യമന്ത്രി അമരീന്ദറിന്റെ പഞ്ചാബ് ലോക് കോൺഗ്രസും സുഖ്ദേവ് സിങ് ധിൻസ നേതൃത്വം നൽകുന്ന എസ്.എ.ഡി (സംയുക്ത്)യും ബി.ജെ.പിക്ക് നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. കാർഷിക നിയമത്തിന്റെ പേരിൽ ബി.ജെ.പി വിട്ട് ബി.എസ്.പിയുമായി കൂട്ടുകെട്ടുണ്ടാക്കിയതാണ് സുഖ്ബീർ സിങ് ബാദൽ നേതൃത്വംനൽകുന്ന ശിരോമണി അകാലിദൾ. പല മണ്ഡലങ്ങളിലും ഇവർ കടുത്ത മത്സരം കാഴ്ചവെക്കുന്നു.
ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു. രാവിലെ ഏഴോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 16 ജില്ലകളിലായി 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. 627 സ്ഥാനാർഥികളുടെ വിധി നിർണയിക്കാനായി 2.15 കോടി ജനങ്ങൾ ഇന്ന് ബൂത്തിലെത്തും.
സമാജ് വാദി പാർട്ടിക്കും (എസ്.പി) ബി.ജെ.പിക്കും തുല്യ സാധ്യത കൽപിക്കുന്ന മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പെന്നതിനാൽ വീറും വാശിയുമേറും. സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിക്കുന്ന കർഹാലാണ് ശ്രദ്ധേയ മണ്ഡലം. ബി.ജെ.പി സ്ഥാനാർഥിയും കേന്ദ്ര മന്ത്രിയുമായ എസ്.പി. സിങ് ബാഗേലാണ് അഖിലേഷിന്റെ എതിരാളി.
അഖിലേഷിനെ കൂടാതെ, പിതൃസഹോദരന് ശിവ് പാല് സിങ് യാദവ്, മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ ഭാര്യ ലൂയിസ് ഖുർഷിദ്, മുൻ ഐ.പി.എസ് ഓഫിസർ അസിം അരുൺ എന്നിവരാണ് മൂന്നാം ഘട്ടത്തിൽ ശ്രദ്ധേയ സ്ഥാനാർഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.