മേഘാലയയും നാഗാലാൻഡും നാളെ ബൂത്തിലേക്ക്
text_fieldsഷില്ലോങ്: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ത്രിപുരക്ക് പിറകെ മേഘാലയയും നാഗാലാൻഡും നാളെ ബൂത്തിലേക്ക്. ഇരുസംസ്ഥാനങ്ങളിലെയും പരസ്യപ്രചാരണം അവസാനിച്ചു. ഇന്ന് നിശ്ശബ്ദപ്രചാരണത്തിനുള്ള ദിവസമാണ്. പൊതുയോഗങ്ങളും റോഡ്ഷോകളും ഗൃഹസന്ദർശനങ്ങളും അടക്കം കൊണ്ടുപിടിച്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് തിരശ്ശീല വീണത്.
ത്രിപുരയിൽ ഫെബ്രുവരി16നായിരുന്നു വോട്ടെടുപ്പ് നടന്നത്. മൂന്ന് സംസ്ഥാനങ്ങളുടെയും വോട്ടെണ്ണൽ മാർച്ച് രണ്ടിന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ, കേന്ദ്ര മന്ത്രിമാരായ സർബാനന്ദ സോനോവാൾ, കിരൺ റിജിജു, ജോൺ ബർല, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എന്നിവരായിരുന്നു ബി.ജെ.പിയുടെ താരപ്രചാരകർ.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ദിമാപുരിൽ റാലിയെ അഭിസംബോധന ചെയ്തപ്പോൾ ശശി തരൂർ എം.പി കൊഹിമയിലെത്തി. നാഗാലാൻഡ് മുഖ്യമന്ത്രി നെഫിയു റിയോയുടെ നേതൃത്വത്തിൽ എൻ.ഡി.പി.പി മിക്കവാറും എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്തി. 2003 വരെ സംസ്ഥാനം ഭരിച്ച കോൺഗ്രസിന് നിലവിലെ സഭയിൽ ഒരു അംഗവുമില്ലെങ്കിലും 23 പേർ മത്സര രംഗത്തുണ്ട്.
മേഘാലയ
മേഘാലയയിലെ 60 അംഗ നിയമസഭയിലെ 59 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. മുൻ ആഭ്യന്തര മന്ത്രിയും ഐക്യജനാധിപത്യ പാർട്ടി സ്ഥാനാർഥിയുമായ എച്ച്.ഡി.ആർ ലിങ്ദോ മരിച്ചതിനാൽ സോഹിയോങ് മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചു. ഫെബ്രുവരി 27 ന് രാവിലെ ഏഴുമുതൽ വൈകീട്ട് നാലുവരെയാണ് വോട്ടെടുപ്പ്.
തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് മേഘാലയയിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി മാർച്ച് രണ്ടുവരെ അടച്ച് മുദ്രവെക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിട്ടു. അസമുമായുള്ള അന്തർ സംസ്ഥാന അതിർത്തി അടക്കാനും നിർദേശിച്ചതായി സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫിസർ എഫ്.ആർ. ഖാർകോങ് പറഞ്ഞു. അതിർത്തി പ്രദേശങ്ങളിൽ ആളുകളുടെ സഞ്ചാരം നിരോധിച്ചു. വോട്ടെടുപ്പിനായി 3419 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കി.
സൗത്ത് ഗാരോ ഹിൽസിലാണ് ഏറ്റവും ദുരിതമേറിയ വോട്ടെടുപ്പ് കേന്ദ്രമുള്ളത്. വാഹനം ഇറങ്ങിയശേഷം എട്ടു കിലോമീറ്റർ വനത്തിലൂടെ യാത്ര ചെയ്യണം റോങ്ചെങ് പോളിങ് സ്റ്റേഷനിലെത്താൻ.
നാഗാലാൻഡ്
നാഗാലാൻഡിൽ 60 സീറ്റുകളിൽ 59 സീറ്റിലേക്കാണ് വോട്ടെടുപ്പ്. അകുലുട്ടോ അസംബ്ലി മണ്ഡലത്തിൽ നിന്ന് ബി.ജെ.പിയുടെ കസെറ്റോ കിനിമി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി രണ്ടാം തവണയാണ് കസെറ്റോ ഈ മണ്ഡലത്തിൽ നിന്ന് വിജയിക്കുന്നത്. കോൺഗ്രസിലെ ഖെകാഷെ സുമി പത്രിക പിൻവലിച്ചതോടെയാണ് എതിരില്ലാതായത്. ബി.ജെ.പി-എൻ.ഡി.പി.പി. സഖ്യമായിട്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 20 സീറ്റിലാണ് ബി.ജെ.പിക്ക് സ്ഥാനാർഥികളുള്ളത്.
40 സീറ്റ് എൻ.ഡി.പി.പി.ക്കാണ്. നിലവിലെ മുഖ്യമന്ത്രി നെയ്ഫിയു റിയോയാണ് സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി. 184 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. സർക്കാർ രൂപവത്കരിക്കാനുള്ള കേവല ഭൂരിപക്ഷം 31ആണ്. 41 സീറ്റുകളുള്ള നാഷനൽ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിക്ക് (എൻ.ഡി.പി.പി) സഭയിൽ ഭൂരിപക്ഷമുണ്ട്. ഭാരതീയ ജനത പാർട്ടിക്ക് (ബി.ജെ.പി) 12 സീറ്റുകളാണുള്ളത്. നാഗാ പീപ്ൾസ് ഫ്രണ്ടിന് (എൻ.പി.എഫ്) നാല് സീറ്റുകളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.